ദിവസവും നടക്കണമെന്നൊക്കെയുണ്ട്, പക്ഷേ കുറഞ്ഞത് അര മണിക്കൂറോ ഒരു മണിക്കൂറോ ഒക്കെ നടന്നിട്ടല്ലേ കാര്യമുള്ളു, അതിനുള്ള സമയം കിട്ടണ്ടേ, എന്ന് ഒഴിവുകഴിവ് പറഞ്ഞ് നടക്കാന്‍ മടിച്ചിരിക്കുന്നവര്‍ക്കായി ഒരു പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. മണിക്കൂറുകളൊന്നും നടന്ന് കഷ്ടപ്പെടേണ്ട, ദിവസവും വെറും പതിനൊന്ന് മിനിട്ട് നടന്നാല്‍ തന്നെ ആരോഗ്യത്തിന് ഗുണമുണ്ടാകുമെന്നാണ് അതില്‍ പറയുന്നത്.
നടത്തം തന്നെയാകണമെന്നില്ല, ദിവസവും പതിനൊന്ന് മിനിട്ട് അല്ലെങ്കില്‍ ആഴ്ചയില്‍ 75 മിനിട്ട് നടക്കുകയോ ഡാന്‍സ് ചെയ്യുകയോ സൈക്കിള്‍ ഓടിക്കുകയോ മല കയറുകയോ ടെന്നീസ് കളിക്കുകയോ ഒക്കെ ചെയ്താല്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, അര്‍ബുദങ്ങള്‍ എന്നിവ മൂലമുള്ള മരണസാധ്യത കുറച്ച് ആയുസ്സ് വര്‍ധിപ്പിക്കാമെന്ന്് പഠനം പറയുന്നു.
ആഴ്ചയില്‍ 150 മിനിട്ട് വ്യായാമം വേണമെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ പകുതി, അതായത് 75 മിനിട്ട് (ദിവസവും 11 മിനിട്ട്) മികച്ച രീതിയില്‍ വ്യായാമം ചെയ്താല്‍ പത്തുപേരില്‍ ഒരാളുടെ എന്ന കണക്കിന് മരണം ഇല്ലാതാക്കാന്‍ കഴിയുമെന്ന് കേംബ്രിജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.
ആഴ്ചയില്‍ 150 മിനിട്ട് വ്യായാമം ചെയ്യുന്നത് ഒരു വെല്ലുവിളിയായി കരുതുന്നവരെ സംബന്ധിച്ചെടുത്തോളം ഇത് വളരെ നല്ല വാര്‍ത്തയാണ്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ മികച്ചതാണല്ലോ കുറച്ച് നേരമെങ്കിലും വ്യായാമം ചെയ്യുന്നത്. മാത്രമല്ല, ഇത് ഒരു നല്ല തുടക്കമാകാനും വഴിയുണ്ടെന്നും ആഴ്ചയില്‍ 75 മിനിട്ട് വ്യായാമം അനായാസമാണെന്ന് തിരിച്ചറിഞ്ഞ് ഇത് ക്രമേണ 150 മിനിട്ടിലെത്തിക്കാന്‍ ആളുകള്‍ക്ക് സാധിച്ചേക്കുമെന്നും കേംബ്രിജിലെ എംആര്‍സി എപ്പിഡെര്‍മോളജിയില്‍ നിന്നുള്ള സോറന്‍ ബ്രാഗ് പറയുന്നു.
ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങളാണ് ലോകത്ത് ഏറ്റവുമധികം മരണങ്ങള്‍ക്ക് കാരണം. 2019ല്‍ മാത്രം 17.9 ദശലക്ഷം മരണങ്ങളാണ് ഇവയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം അര്‍ബുദങ്ങള്‍ ബാധിച്ച് 2017ല്‍ 9.6 ദശലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു.
ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച കേംബ്രിജ് സര്‍വ്വകലാശാല പഠനം പറയുന്നത് ആഴ്ചയില്‍ 75 മിനിട്ട് മിതമായ തോതില്‍ വ്യായാമം ചെയ്താല്‍ തന്നെ കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ വരുന്നത് 17 ശതമാനവും അര്‍ബുദങ്ങള്‍ വരുന്നത് 7 ശതമാനവും കുറയ്ക്കാമെന്നാണ്.
Discussion about this post