കൊല്ലം : വഴിയരികിൽ നിന്ന് ചായക്കട മാറ്റണമെന്ന കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്ന് രോഗിയായ കടയുടമ ജീവനൊടുക്കി. കൊല്ലം രാമൻകുളങ്ങരയ്ക്കടുത്ത് ഇരട്ടക്കടയിൽ വഴിയരികിൽ ചായക്കട നടത്തിയിരുന്ന ബാബു(62) ആണ് ആത്മഹത്യ ചെയ്തത്.
രോഗിയായ ബാബുവും ഭാര്യയും ചേർന്ന് വീട്ടിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടുപോയി കടയിൽ വെച്ച് വിൽപ്പന നടത്തി വരികയായിരുന്നു. എന്നാൽ സമീപവാസി കട മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കോർപ്പറേഷനിൽ സമീപവാസി പരാതി നൽകി. ഇതേ തുടർന്ന് കോർപറേഷൻ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉടൻ കട ഒഴിയാനും അധികൃതർ ആവശ്യപ്പെട്ടു.
കടയിൽ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ടാണ് ബാബുവും കുടുംബവും മുന്നോട്ട് പോയിരുന്നത്. വിദേശത്തായിരുന്ന ബാബു, അസുഖം ബാധിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ ബാങ്കിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവുകൾ മുടങ്ങി.
ബാങ്കുകളിൽ നിന്ന് ജപ്തി ഭീഷണി ഉയർന്നതോടെ ഭാര്യ റെയിൽവേ സ്‌റ്റേഷനിലും മറ്റും പൊതിച്ചോറ് വിൽക്കാൻ പോയിരുന്നു. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതോടെ അതിനും സാധിക്കാതെയായി. തുടർന്നാണ് വീണ്ടും വായ്പയെടുത്ത് ബാബു കട തുടങ്ങിയത്. ഇത് ഒഴിയാൻ ആവശ്യപ്പെട്ടതോടെയാണ് ബാബു ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കൾ പറയുന്നു.













Discussion about this post