ന്യൂഡൽഹി : ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്താനാകാതെ ഇടത് സഖ്യം. 34 സീറ്റുകളിൽ ലീഡ് നിലനിർത്തിക്കൊണ്ടാണ് സംസ്ഥാനത്ത് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുന്നത്. ഇടത് സഖ്യം 14 സീറ്റുകളിൽ മുന്നിലാണ്. ഇതിൽ 11 സീറ്റിൽ സിപിഎമ്മും മൂന്ന് സീറ്റിൽ കോൺഗ്രസുമാണ് ലീഡ് നേടുന്നത്. തിപ്ര മോധ പാർട്ടി 12 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്.
ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോൾ പ്രവചനകൾ ശരിവെയ്ക്കുന്ന തരത്തിലുള്ള സൂചനകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് വരുന്നത്. അതേസമയം കോൺഗ്രസുമായി സഖ്യം ചേർന്ന് ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച സിപിഎമ്മിന് കൂടുതൽ ക്ഷീണം പറ്റിയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ 16 സീറ്റുകളിൽ ജയിച്ച സിപിഎം, നിലവിൽ 11 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. സഖ്യത്തിൽ ഗുണമുണ്ടായത് കോൺഗ്രസിന് തന്നെയാണിത്. പൂജ്യത്തിൽ നിന്ന് ഇപ്പോൾ മൂന്ന് സീറ്റ് മുന്നിലാണ് കോൺഗ്രസ്.
കാൽനൂറ്റാണ്ടുകാലത്തെ സിപിഎം ഭരണത്തിന് അവസാനിപ്പിച്ചുകൊണ്ട് 2018 ലാണ് ബിജെപി അധികാരത്തിലേറിയത്. 60 നിയമസഭാ സീറ്റുകളിൽ 36 സീറ്റിൽ ബിജെപി വിജയം നേടിയിരുന്നു. ഇത്തവണയും ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി കുതിപ്പ് തുടരുകയാണ്.
Discussion about this post