ന്യൂഡൽഹി : ആഗോളതലത്തിൽ ഏറ്റവും പ്രിയങ്കരനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. പ്രധാനമന്ത്രിയുമായുളള സുപ്രധാന കൂടിക്കാഴ്ചയ്ക്കായി ഇന്ന് രാവിലെയോടെയാണ് മെലോണി രാജ്യത്തെത്തിയത്. രാഷ്ട്ര ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നേരിട്ടെത്തി മെലോണിയെ സ്വാഗതം ചെയ്തു.
ലോകമെമ്പാടുമുളള നേതാക്കളിൽ ഏറ്റവും പ്രിയങ്കരനായ നേതാവാണ് പ്രധാനമന്ത്രിയെന്നാണ് ജോർജിയ മെലോണി പറഞ്ഞത്. ഇത് തെളിയിക്കപ്പെട്ട സത്യമാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും ഇറ്റാലിയൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യും ഇറ്റലിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവുമായി ബന്ധപ്പെട്ട് സുപ്രധാന ചർച്ചകൾ നടന്നതായും മെലോണി പറഞ്ഞു. ചർച്ചയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സാധിച്ചതായും മെലോണി കൂട്ടിച്ചേർത്തു. എട്ടാമത് റെയ്സിന ഡയലോഗിന്റെ ഉദ്ഘാടന സെഷനിൽ ജോർജിയ മെലോണി മുഖ്യാതിഥിയാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യ ആദ്യമായി സന്ദർശിക്കുന്ന ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ ജോർജിയ മെലോണിയെ നരേന്ദ്ര മോദി അഭിനന്ദിച്ചു. രാഷ്ട്രപതി ദ്രൗപതി മുർവുമുമായും കൂടിക്കാഴ്ച നടത്തും.
Discussion about this post