ന്യൂഡൽഹി: യുദ്ധം അവസാനിപ്പിച്ച് റഷ്യയെയും യുക്രെയ്‌നെയും സമാധാനത്തിന്റെ പാതയിലേക്ക് നയിക്കാൻ മുന്നോട്ടുവന്ന് ഇന്ത്യ. സമാധാന ശ്രമങ്ങൾക്കായി സംഭാവന ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇന്ത്യ പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജി 20 രാജ്യങ്ങളിലെ വിദേശമന്ത്രിമാരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള എല്ലാ ഒരുക്കങ്ങളും ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആരംഭിച്ചപ്പോൾ തന്നെ ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരിക്കലും അക്രമവും യുദ്ധവും സഹായിക്കില്ല. ചർച്ചയിലൂടെയും പരസ്പരധാരണയിലൂടെയും മാത്രമേ ഈ ലക്ഷ്യം നേടിയെടുക്കാൻ കഴിയുകയുള്ളൂ. ഈ പ്രശ്‌നം പരിഹരിക്കുന്നതിൽ ജി-20 രാജ്യങ്ങൾ തമ്മിലുള്ള യോഗങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
യുക്രെയ്‌നിലെ ജനങ്ങളുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നാണ് ഇറ്റാലിയൻ പ്രധാനമന്ത്രി തന്നോട് പറഞ്ഞത്. അതിനെല്ലാം പുറമേ സംഘർഷം വലിയ പ്രശ്‌നങ്ങളാണ് ലോക രാജ്യങ്ങൾക്കെല്ലാം സൃഷ്ടിക്കുക. ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് രാജ്യങ്ങൾ നേരിട്ടത്. പ്രത്യേകിച്ച് വികസിത രാജ്യങ്ങൾ. ഇക്കാര്യം നിരവധി തവണ ഇന്ത്യ ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post