തിരുവനന്തപുരം: ത്രിപുരയിൽ സിപിഎമ്മിനെ ചെയ്യാവുന്നതെല്ലാം ബിജെപി ചെയ്തുവെന്ന് രാജ്യസഭാ എം പി എ എ റഹീം. എന്നിട്ടും തങ്ങൾ അവിടെ പിടിച്ച് നിന്നുവെന്ന് റഹീം പറഞ്ഞു.
ഇത്രയൊക്കെ ആയിട്ടും സിപിഎമ്മിനെ പൂർണമായി അവസാനിപ്പിക്കാൻ, ചെങ്കൊടിയെ അവസാനിപ്പിക്കാൻ ഒരു ആർ എസ് എസിനും കഴിഞ്ഞില്ല എന്നതിന്റെ തെളിവാണ് ത്രിപുരയെന്ന് റഹീം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിലെ തിരഞ്ഞെടുപ്പ് വിശകലന പരിപാടിയിലായിരുന്നു റഹീമിന്റെ പ്രതികരണം.
ത്രിപുരയിൽ സിപിഎം അവസാനിച്ചില്ല എന്ന് മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷവും പൊരുതി. ബിജെപി വിരുദ്ധ മനോഭാവമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ആത്മവിശ്വാസം പകരാൻ സിപിഎമ്മിന് സാധിച്ചു. കോൺഗ്രസിനെയും വ്യത്യസ്ത ഇടത് പാർട്ടികളെയും ഒരുമിപ്പിക്കാൻ സിപിഎമ്മിന് സാധിച്ചുവെന്നും റഹീം അവകാശപ്പെട്ടു.
ത്രിപുരയിലെ പുതിയ രാഷ്ട്രീയ പാർട്ടിയായ തിപ്ര മോധ സിപിഎമ്മിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നു. ഇനി അവരുടെ അവസ്ഥ എന്താകുമെന്ന് അറിയില്ല. തിപ്ര മോധ കടുത്ത ബിജെപി വിരുദ്ധ ചേരിയായിരുന്നു. തിപ്ര മോധയ്ക്ക് പോലും ആത്മവിശ്വാസം പകർന്നത് സിപിഎമ്മാണെന്നും റഹീം പറഞ്ഞു.
ബാർബേറിയൻ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വിധം ബിജെപി ത്രിപുരയെ ഒരു രാഷ്ട്രീയ പരീക്ഷണശാലയാക്കി. ആ പരീക്ഷണത്തെ അതിജീവിക്കാൻ സിപിഎമ്മിന് സാധിച്ചു. ഇത് കാലത്തിന്റെ ചുവരെഴുത്താണ്. അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിഞ്ഞാലും സിപിഎമ്മിനെ ഒരു പോറൽ പോലും ഏൽപ്പിക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നും എ എ റഹീം അവകാശപ്പെട്ടു.
രാജ്യത്തെ ബിജെപി വിരുദ്ധ ചേരിയിലെ പ്രതിപക്ഷ പാർട്ടികൾക്ക് ആത്മവിശ്വാസം പകരാൻ സിപിഎമ്മിന് സാധിച്ചു എന്നതിന്റെ ദിശാസൂചികയാണ് ത്രിപുരയെന്നും എ എ റഹീം പറഞ്ഞു.
Discussion about this post