അഗർത്തല: ത്രിപുരയിൽ സർക്കാർ രൂപീകരിക്കാൻ സിപിഎമ്മിനെയും കോൺഗ്രസിനെയും സഹായിക്കില്ലെന്ന് തിപ്ര മോധ ചെയർമാൻ പ്രദ്യോത് മാണിക്യദേബ് ബർമൻ. പിന്തുണക്കുന്നെങ്കിൽ അത് ബിജെപിയെ ആയിരിക്കും. ബിജെപിക്ക് തങ്ങളുടെ പിന്തുണ ആവശ്യമില്ലെങ്കിൽ പ്രതിപക്ഷത്ത് ഇരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ത്രിപുരയിൽ നിലവിൽ തങ്ങളാണ് രണ്ടാമത്തെ വലിയ കക്ഷി. ജനാധിപത്യത്തെയും ജനവിധിയെയും തങ്ങൾ മാനിക്കുന്നു. സർക്കാരിന് ഞങ്ങളുടെ പിന്തുണ ആവശ്യമായി വന്നാൽ അവരെ സഹായിക്കും. കോൺഗ്രസ് തന്റെ മാതൃപ്രസ്ഥാനമായിരുന്നു. എങ്കിലും അവരെ പിന്തുണക്കില്ല. പ്രദ്യോത് ദേബ് ബർമൻ പറഞ്ഞു.
കോൺഗ്രസും സിപിഎമ്മും സഖ്യമായി മത്സരിച്ച ത്രിപുരയിൽ 32 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. 13 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ കക്ഷിയായിരിക്കുകയാണ് പ്രദ്യോത് മാണിക്യ ദേബ് ബർമൻ നയിക്കുന്ന തിപ്ര മോധ പാർട്ടി.








