തൃശ്ശൂർ: മലദ്വാരത്തിൽ ബീഡി ഒളിപ്പിച്ച റിമാൻഡ് പ്രതി പോലീസിനെ കുഴക്കിയത് മണിക്കൂറുകൾ. വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവു പുള്ളിയും തിരുവല്ല സ്വദേശിയുമായ സൂരജ് ആണ് മലദ്വാരത്തിൽ ബീഡി ഒളിപ്പിച്ച് തടത്താൻ ശ്രമിച്ചത്. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഡോക്ടർമാർ ചേർന്ന് ബീഡി പുറത്തെടുത്തു.
വധശ്രമക്കേസിലാണ് സൂരജ് തൃശ്ശൂരിൽ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എന്നാൽ ജയിലിൽ എത്തിയതോടെ സൂരജിന് കലശലായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. വേദനയെ തുടർന്ന് ഇയാൾ അവശനായി. ഇതോടെ പോലീസുകാർ സൂരജുമായി ജില്ലാ ആശുപത്രിയിൽ എത്തുകയായിരുന്നു.
വയറിന്റെ എക്‌സറേ എടുത്തതോടെ മലദ്വാരത്തിൽ എന്തോ തിരുകി വച്ചിരിക്കുന്നതായി വ്യക്തമായി. ഇതോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. മയക്കുമരുന്നോ, മൊബൈൽ ഫോണോ ആകാം മലദ്വാരത്തിനുള്ളിൽ എന്നായിരുന്നു പോലീസിന്റെ സംശയം. മരുന്ന് നൽകി സാധനം പുറത്തുവരാനായി ഡോക്ടർമാർ കാത്തിരുന്നു. മൂന്ന് മണിക്കൂറിന് ശേഷം സംഭവം പുറത്തുവന്നപ്പോഴാണ് ബീഡിയാണെന്ന് വ്യക്തമായത്.
ഇൻസുലേഷൻ ടേപ്പ് ചുറ്റിപ്പൊതിഞ്ഞാണ് ഇയാൾ മലദ്വാരത്തിൽ ബീഡിയൊളിപ്പിച്ചത്. തനിക്ക് മുൻപേ പോയ തടവുകാരൻ മൊബൈൽ ഫോൺ ഇത് പോലെ ടേപ്പിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചതായി സൂരജ് പറഞ്ഞു. ഇത് കണ്ടാണ് താനും അത് പോലെ ചെയ്തതെന്നും സൂരജ് മൊഴി നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സൂരജിനെ ജയിലിലേക്ക് മാറ്റി.
Discussion about this post