ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയ നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഈ മാസം 10 ന് വിധി പറയും. ഡൽഹി ഹൈക്കോടതിയിലാണ് ജാമ്യത്തിനായി സിസോദിയ അപേക്ഷ നൽകിയിരിക്കുന്നത്. അതേസമയം സിസോദിയയെ രണ്ട് ദിവസം കൂടി സിബിഐ കോടതി കസ്റ്റഡിയിൽ വിട്ടു.
ശനിയാഴ്ച അപേക്ഷ പരിഗണിച്ച കോടതി സിസോദിയയുടെ വാദം കേട്ടു. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഹൈക്കോടതി സിബിഐയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 10 ന് വിധിപറയുമെന്ന് കോടതി വ്യക്തമാക്കിയത്. സിബിഐ നൽകുന്ന മറുപടിയുടെ കൂടി അടിസ്ഥാനത്തിലാകും അന്തിമ വിധി.
ഇതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് മനീഷ് സിസോദിയയെ വീണ്ടും സിബിഐ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ളതിനാൽ സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് സിബിഐ പ്രത്യേക ജഡ്ജ് എം.കെ നാഗ്പാൽ കസ്റ്റഡി കാലാവധി നീട്ടി നൽകിയത്. മൂന്ന് ദിവസത്തെ കസ്റ്റഡി ആയിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. മദ്യവിൽപ്പനയുടെ അവകാശം സ്വകാര്യ ഏജൻസികൾക്ക് നൽകുന്നത് ആയിരുന്നു പുതിയ മദ്യനയം. ഇതിന്റെ ഭാഗമായി 144 കോടിയോളം രൂപ കോഴയായി സിസോദിയയ്ക്ക് മദ്യ ലോബികൾ മൽകിയെന്നാണ് പരാതി.
Discussion about this post