കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ആറു പേർക്കെതിരെ വധശ്രമക്കേസ്. മനപൂർവമുള്ള നരഹത്യാശ്രമം, ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് എന്നിവ ചുമത്തിയാണ് നടക്കാവ് പോലീസ് ആണ് കേസെടുത്തത്.ആശുപത്രിയിൽ ചികിത്സയിലിരുന്ന കുന്ദമംഗലം സ്വദേശിനിയുടെ ബന്ധുക്കൾ ആക്രമിച്ചതായാണ് പരാതി.
ഇന്നലെ രാത്രി ബാങ്ക് റോഡിലെ ഫാത്തിമ ആശുപത്രിയിലാണ് രോഗിയുടെ ബന്ധുക്കളെന്ന് കരുതുന്നവർ കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകന് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പൂർണ ഗർഭിണിയായ സ്ത്രീ കഴിഞ്ഞ ദിവസം പനി ബാധിച്ച് ആശുപത്രിയിലെത്തിയപ്പോൾ കുഞ്ഞിനെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. പ്രസവശേഷം ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.












