ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയും ജനാധിപത്യവും പ്രതിസന്ധിയിലാണെന്ന് ലോകത്തിന് മുമ്പിൽ വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കിഴക്കൻ സംസ്ഥാനങ്ങളിലെ കേന്ദ്ര അഭിഭാഷകരുടെ സമ്മേളനം ഭുവനേശ്വറിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ‘മഹത്തായ പുനരുജ്ജീവനത്തിന്റെ’ യാത്ര ആരംഭിച്ചുവെന്ന് ‘ തുക്ഡെ-തുക്ഡെ ഗാങ്ങ് അംഗങ്ങൾ നന്നായി മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജുഡീഷ്യറി സ്വതന്ത്രമാണ്. ഇന്ത്യൻ ജുഡീഷ്യറിയെ പ്രതിപക്ഷ പാർട്ടിയുടെ വേഷം ചെയ്യാൻ ഒരിക്കലും നിർബന്ധിക്കാനാവില്ല. ജനാധിപത്യം നമ്മുടെ രക്തത്തിൽ ഒഴുകുന്നതിനാൽ ഒരു മനുഷ്യനും ഇന്ത്യൻ ജനാധിപത്യത്തെ ചോദ്യം ചെയ്യാൻ പോലും കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ ഇന്ത്യാ വിരുദ്ധ വിദേശ സ്ഥാപനങ്ങളിൽ നിന്ന് സംഘങ്ങൾക്ക് സജീവ പിന്തുണ ലഭിക്കുന്നു. ഇന്ത്യൻ ജനാധിപത്യം, ഇന്ത്യൻ ഗവൺമെന്റ്, ജുഡീഷ്യറി, പ്രതിരോധം, തിരഞ്ഞെടുപ്പ് കമ്മീഷൻ, അന്വേഷണ ഏജൻസികൾ തുടങ്ങിയ എല്ലാ നിർണായക മേഖലയുടെയും വിശ്വാസ്യതയെ അവർ ആക്രമിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യ മഹത്തായ പുനരുജ്ജീവനത്തിന്റെ യാത്ര ആരംഭിച്ചുവെന്ന് തുക്ഡെ-തുക്ഡെ സംഘത്തിലെ അംഗങ്ങൾ നന്നായി മനസ്സിലാക്കണം. ഇന്ത്യയിലെ ജനങ്ങൾ അവർക്ക് ഉചിതമായ മറുപടി നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജുഡീഷ്യറി പ്രതിസന്ധിയിലാണെന്ന് ലോകത്തിൽ വരുത്തിതീർക്കാൻ ചില സമയങ്ങളിൽ രാജ്യത്തിനകത്തും പുറത്തും നിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യം പ്രതിസന്ധിയിലാണെന്ന സന്ദേശം ലോകത്തിന് കൈമാറുന്നു. രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ചിലരുടെ ബോധപൂർവമായ ശ്രമമാണെന്ന് അദ്ദേഹം വിമർശിച്ചു.
Discussion about this post