തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ മാർച്ച് 12 ന് തൃശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മാർച്ച് 5 ന് നടക്കേണ്ട അമിത്ഷായുടെ കേരള സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത്ഷാ അഭിസംബോധന ചെയ്യും.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാണ് സന്ദർശനം ഈ മാസം 12 ലേക്ക് മാറ്റിയത്. പാർലമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മുന്നോടിയായാണ് അമിത് ഷായുടെ സന്ദർശനം. തൃശൂരിൽ ശക്തൻ തമ്പുരാൻ സ്മാരകവും വടക്കുംനാഥ ക്ഷേത്രവും സന്ദർശിക്കാനും ബിജെപി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനുമാണ് അമിത് ഷാ എത്തുന്നതെന്നാണ് വിവരം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തിയേക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ പ്രഭാരി ജിത്ത് വാഡേക്കർ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കും. പതാകദിനവും തുടർന്നുള്ള ദിനങ്ങളിൽ വിളംബര ജാഥകളും, ബൈക്ക് റാലികളും. സംസ്ഥാന നേതാക്കൾ ക്യാമ്പ് ചെയ്തുള്ള പഞ്ചായത്ത് തല യോഗങ്ങൾ വരെ നടക്കും. തേക്കിൻകാട് മൈതാനിയിൽ കാൽ ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് വിവരം.
Discussion about this post