കൊല്ലം: സിപിഎം നിയന്ത്രിക്കുന്ന സ്കൂളിൽ, അദ്ധ്യാപികയുടെ ഫോൺ മോഷ്ടിച്ച് സഹ അദ്ധ്യാപകർ വാട്സാപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശം അയച്ച സംഭവം വിവാദമാകുന്നു. സംഭവത്തിൽ 2 അദ്ധ്യാപകരെ പ്രതികളാക്കി പോലീസ് കേസെടുത്തു. കൊല്ലം തേവലക്കര ഗേൾസ് ഹൈസ്കൂളിലായിരുന്നു സംഭവം.
സംഭവത്തിൽ സ്കൂളിലെ അദ്ധ്യാപകരായ മൈനാഗപ്പള്ളി സ്വദേശി പ്രജീഷ്, തേവലക്കര സ്വദേശിനി സാദിയ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ഇരുവരും ഒളിവിലാണ്. സ്കൂളിലെ കായിക അദ്ധ്യാപികയായ കെ എസ് സോയയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചാണ് പ്രതികൾ അശ്ലീല സന്ദേശങ്ങൾ അയച്ചത്.
സിപിഎം നേതാക്കളെയും സ്കൂളിലെ അദ്ധ്യാപകരെയും പരാമർശിച്ച് കെ എസ് ടി എ ഉൾപ്പെടെയുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലാണ് അശ്ലീല സന്ദേശങ്ങൾ എത്തിയത്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രജീഷിനും സാദിയക്കും എതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ, പ്രതികളായ പ്രജീഷിനെയും സാദിയയെയും പരാതിക്കാരിയായ സോയയെയും സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഇത്. പ്രതികളെ രക്ഷിക്കാനാണ് പാർട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നതെന്നും, പാർട്ടിയിലെ വിഭാഗീയതയാണ് അപമാനകരമായ ഈ സംഭവങ്ങൾക്ക് പിന്നിലെന്നും രക്ഷാകർത്താക്കളിൽ ഒരു വിഭാഗം ആരോപിക്കുന്നു.
സിപിഎം നേതാക്കളെയും നേതാക്കളുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയുമാണ് പാർട്ടി നിയന്ത്രിക്കുന്ന തേവലക്കര ഗേൾസ്, ബോയ്സ് ഹൈസ്കൂളുകളിൽ നിയമിക്കുന്നത്. നിയമനങ്ങൾ പങ്കിടുന്നതിനെ ചൊല്ലി പലപ്പോഴും നേതാക്കൾ തമ്മിൽ തൊഴുത്തിൽ കുത്ത് ഉണ്ടാകാറുണ്ട്. ഇതിന്റെ തുടർച്ച അദ്ധ്യാപകർക്കിടയിലും ജീവനക്കാർക്കിടയിലും സാധാരണ ഗതിയിൽ നിലനിൽക്കാറുണ്ട്. ഇതിന്റെ ഫലമാണ് സംഭവം എന്നും ആരോപണമുണ്ട്.
അതിനിടെ, ഒളിവിലിരിക്കുന്ന പ്രതികളെ പാർട്ടി തന്നെ സംരക്ഷിക്കുന്നതായാണ് വിവരം. ഫോൺ നഷ്ടമായതിനെ തുടർന്ന് അദ്ധ്യാപികയായ സോയ പരാതി നൽകിയതിന് പിന്നാലെ, തൊണ്ടി ആയേക്കാവുന്ന ഫോൺ പ്രതികൾ നശിപ്പിച്ചതായി സൂചനയുണ്ട്. പ്രതികൾ ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.
Discussion about this post