തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണമുന്നേറ്റമുണ്ടായത് . നഗരസഭയുടെ പുതിയ മേയറായി വി.വി. രാജേഷും ഡെപ്യൂട്ടി മേയറായി ജി.എസ്. ആശാനാഥും ചുമതലയേറ്റെടുക്കുകയും ചെയ്തു. . ഈ ചരിത്ര വിജയത്തിൽ പുതിയ മേയറെയും ഭരണസമിതിയെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്ത് ശ്രദ്ധ നേടുകയാണ്.
തിരുവനന്തപുരത്തെ ബിജെപിയുടെ വിജയം സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടതാണെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ദശാബ്ദങ്ങളായി കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമ രാഷ്ട്രീയത്തെയും വെല്ലുവിളികളെയും അതിജീവിച്ച് ‘ഇന്ത്യ ഫസ്റ്റ്’ എന്ന നയം മുറുകെ പിടിച്ച പ്രവർത്തകർക്ക് ഈ വിജയം സമർപ്പിക്കുന്നതായും മോദി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ വികസന നയങ്ങളിലും നഗര വികസന മാതൃകകളിലും ജനങ്ങൾ വിശ്വസിച്ചതിന്റെ തെളിവാണ് ഈ വലിയ വിജയം. ‘വികസിത തിരുവനന്തപുരം’ എന്ന ലക്ഷ്യം ഇനി യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ ‘ഒത്തുകളി രാഷ്ട്രീയത്തിന്’ അന്ത്യമാകുകയാണെന്നും അഴിമതിയില്ലാത്ത, പ്രീണനമില്ലാത്ത വികസനത്തിനായി ജനങ്ങൾ ബിജെപിയിൽ അഭയം കണ്ടെത്തുകയാണെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു.
ശ്രീനാരായണ ഗുരു, അയ്യങ്കാളി, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെ ദർശനങ്ങൾ മുൻനിർത്തി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പുതിയ ഭരണസമിതിയോട് അദ്ദേഹം ആഹ്വാനം ചെയ്തു.
യുവജനങ്ങളും സ്ത്രീകളും പുതിയൊരു മാറ്റത്തിന് തയ്യാറെടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് തിരുവനന്തപുരത്തെ ഈ മുന്നേറ്റമെന്ന് കത്തിൽ പറയുന്നു. വി.വി. രാജേഷിന്റെയും ആശാനാഥിന്റെയും നേതൃത്വത്തിൽ നഗരത്തിലെ ജനങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും മോദി നിർദ്ദേശിച്ചു.
തിരുവനന്തപുരത്തെ ബിജെപിയുടെ ഈ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.













Discussion about this post