കൊച്ചി: കടുത്ത ചുമയും വയറുവേദനയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. നിർമാതാവ് എൻഎം ബാദുഷ, വിഷ്ണു മോഹൻ, വിപിൻ, സ്വരാജ് എന്നിവർക്കൊപ്പമാണ് നടൻ ഉണ്ണി മുകുന്ദൻ ആശുപത്രിയിലെത്തിയത്. ഐസിയുവിൽ കയറി ഉണ്ണി മുകുന്ദൻ ബാലയുമായി സംസാരിച്ചു. ഇതിന് ശേഷം ഉണ്ണി മുകുന്ദൻ ഡോക്ടറെ കണ്ട് ബാലയുടെ നിലവിലെ അവസ്ഥയെ കുറിച്ച് ചോദിച്ചറിഞ്ഞു.
മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മകളെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ജീവൻരക്ഷാ മരുന്നുകൾ നൽകിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാൻ 24–48 മണിക്കൂറുകൾ വരെ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് നിർമ്മാതാവ് ബാദുഷ വ്യക്തമാക്കി.
ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ബാലയുടെ സഹോദരനായ സംവിധായകൻ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് വിവരം.
നേരത്തെ ബാലയും ഉണ്ണി മകുന്ദനും തമ്മിൽ തർക്കങ്ങളുണ്ടായതായി വാർത്തകൾ പുറത്തുവന്നിരുന്നു. ബാലയ്ക്ക് മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിന് അവസരമൊരുക്കിയ ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലത്തെ ചൊല്ലിയായിരുന്നു വിവാദങ്ങൾ. തനിക്ക് പ്രതിഫലം തന്നില്ലെന്നായിരുന്നു ബാലയുടെ വാദം. എന്നാൽ പ്രതിഫലം വേണ്ടെന്ന് ബാല പറഞ്ഞിരുന്നതായും പണം വേണ്ടെന്നു പറഞ്ഞിട്ടും രണ്ടുലക്ഷം രൂപ നൽകിയെന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. ഇതിന്റെ തെളിവും രേഖകളും പുറത്തുവിട്ടായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
Discussion about this post