ലക്നൗ : ഒരു ഭൂമാഫിയയും അനധികൃതമായി ഒരാളുടെയും ഭൂമി കൈയ്യേറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടത്തിനും പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഗോരഖ്പൂരിൽ ജനങ്ങളുടെ പരാതികൾ നേരിട്ട് അറിയാൻ എത്തിയതായിരുന്നു യോഗി ആദിത്യനാഥ് .
ഭൂമാഫിയയെ നിയമപാഠം പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട പരാതികളിൽ വേഗത്തിലും കാര്യക്ഷമമായും നടപടി ഉറപ്പാക്കുന്നതിൽ ഒരു തലത്തിലും അലംഭാവം ഉണ്ടാകരുത്. ആരും ആശങ്കപ്പെടുകയോ അസ്വസ്ഥരാകുകയോ ചെയ്യേണ്ടതില്ല. എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ജനങ്ങൾക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി.
ഗോരഖ്നാഥ് ക്ഷേത്ര സമുച്ചയത്തിലെ മഹന്ത് ദിഗ്വിജയ്നാഥ് സ്മൃതി ഓഡിറ്റോറിയത്തിന് പുറത്ത് സംഘടിപ്പിച്ച ജനതാ ദർശനത്തിൽ 500 ഓളം പേരെ യോഗി കാണുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും തൃപ്തികരമായ നടപടി ഉറപ്പ് നൽകുകയും ചെയ്തു. ഭൂമി തർക്കം, കൈയ്യേറ്റം തുടങ്ങിയ പരാതികളുമായി ഒട്ടേറെ സ്ത്രീകൾ ജനതാദർശനിലെത്തിയിരുന്നു. അവരുടെ പ്രശ്‌നങ്ങൾ കേട്ട യോഗി ആദിത്യനാഥ് , ഒരു അക്രമിയും ഭൂമി കൈയടക്കാൻ ധൈര്യപ്പെടാത്ത വിധം നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പരസ്പരം ഭൂമി തർക്കമുള്ള കേസുകളിൽ, കക്ഷികൾക്കിടയിൽ കൗൺസിലിംഗിനും നടപടിക്കും അദ്ദേഹം നിർദ്ദേശിച്ചു. കുറ്റകൃത്യം, ഭൂമി തർക്കം തുടങ്ങിയ പരാതികളുമായി എത്തിയവർ പരിഭ്രാന്തരാകേണ്ട, കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. റവന്യൂ ഉദ്യോഗസ്ഥർക്ക് നടപടിക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു.
മറ്റ് ജില്ലകളുമായി ബന്ധപ്പെട്ട പരാതികൾ ആ ജില്ലകളിലെ ഉദ്യോഗസ്ഥർക്ക് അയക്കാനും നിർദേശം നൽകി. ഭൂമി അളക്കലും റവന്യൂ സംബന്ധമായ കാര്യങ്ങളും വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആവശ്യമുള്ളിടത്ത് പോലീസ് സേനയെയും കൂടെ കൂട്ടണമെന്ന് അദ്ദേഹം പറഞ്ഞു . ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്ക് ധനസഹായം തേടി ചിലർ ജനതാ ദർശനിലെത്തിയിരുന്നു. അവർക്ക് പൂർണ സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
ഇതോടൊപ്പം മുൻഗണനാടിസ്ഥാനത്തിൽ ചികിത്സാ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി സർക്കാരിന് അയക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രശ്നങ്ങൾ കേൾക്കുന്നതിനിടെ പരാതി നൽകാനെത്തിയ സ്ത്രീയ്ക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ യോഗി ആദിത്യനാഥ് എടുത്ത് താലോലിക്കുന്നതും , ചോക്ലേറ്റ് സമ്മാനമായി നൽകിയതും ശ്രദ്ധയാകർഷിച്ചു.
Discussion about this post