ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി അറസ്റ്റിലായ ഹൈദരാബാദ് വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കവിതയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. ഭാരതീയ രാഷ്ട്ര സമിതിയുടെ എം എൽ സിയാണ് കവിത.
മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ അരുൺ രാമചന്ദ്ര പിള്ള നിർണായക കണ്ണിയാണ് എന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അഴിമതിയിലെ വൻ സാമ്പത്തിക ഇടപാടുകൾ ഇയാളാണ് കൈകാര്യം ചെയ്തത് എന്നാണ് സൂചന. സൗത്ത് ഗ്രൂപ്പിനും ആം ആദ്മി പാർട്ടിക്കും ഇടയിൽ ഇടനിലക്കാരനായി നിന്നത് പിള്ളയാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സൗത്ത് ഗ്രൂപ്പിൽ നിന്നും പിള്ള ആം ആദ്മി പാർട്ടിക്ക് നൂറ് കോടി രൂപ പിരിച്ചു നൽകിയതായാണ് ഇഡി കണ്ടെത്തൽ. കവിതയും സൗത്ത് ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന സംഘത്തിലെ പ്രബലയായ അംഗമാണ്.
മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ കവിതയെ കഴിഞ്ഞ ഡിസംബറിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. കേസിൽ ഇഡിയും സിബിഐയും വെവ്വേറെ കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. ആം ആദ്മി പാർട്ടിയും മറ്റ് പ്രമുഖരും ഉൾപ്പെട്ട കേസിൽ 144.36 കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.









