ന്യൂഡൽഹി: തന്റെ പിതാവ് തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കാര്യം തുറന്നു പറഞ്ഞതിൽ തനിക്ക് ഒരു നാണക്കേടും തോന്നിയിട്ടില്ലെന്ന് ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ. സത്യസന്ധതയോടെ തുറന്ന് പറഞ്ഞ ഒരു കാര്യം മാത്രമാണ് അതെന്നും ഖുശ്ബു പറയുന്നു. ” ഞാൻ ഞെട്ടിക്കുന്ന പ്രസ്താവനകൾ നടത്തിയിട്ടില്ല. സത്യസന്ധമായാണ് ആ കാര്യം തുറന്ന് പറഞ്ഞത്. അതിൽ എനിക്ക് നാണക്കേടുമില്ല. കാരണം അത് എനിക്കുണ്ടായ അനുഭവമാണ്. കുറ്റവാളിക്കാണ് ഇത് നാണക്കേട് ഉണ്ടാക്കിയത്.
സ്ത്രീകൾ ഇത്തരത്തിൽ അവരുടെ ജീവിതത്തിൽ സംഭവിച്ച അനുഭവങ്ങൾ തുറന്ന് പറയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങൾ എല്ലായ്‌പ്പോഴും ശക്തരായിരിക്കണം. നിങ്ങളെ ഒരു കാര്യത്തിനും തളർത്താനാവില്ല. ഒരു ഘട്ടവും ജീവിതത്തിന്റെ അവസാനമാണെന്ന് കരുതരുത് എന്ന സന്ദേശമാണ് നമ്മൾ ഓർമിക്കേണ്ടത്. വളരെ ചെറുപ്പത്തിൽ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ച് തുറന്ന് പറയാൻ എനിക്ക് ഇത്രയും വർഷങ്ങൾ വേണ്ടി വന്നു. സ്ത്രീകൾ ഇതിനെ കുറിച്ചെല്ലാം തുറന്ന് സംസാരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്തായാലും ഞാൻ എന്റെ യാത്ര തുടരുമെന്നും” ഖുശ്ബു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബാല്യകാലത്ത് താൻ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തെ കുറിച്ച് ഖുശ്ബു വെളിപ്പെടുത്തിയത്. എട്ടാം വയസ്സിൽ സ്വന്തം അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഖുശ്ബു പറഞ്ഞത്. മാദ്ധ്യമപ്രവർത്തകയായ ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്.
Discussion about this post