കോട്ടുവായ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ചിലപ്പോള്‍ കോട്ടുവായിടാന്‍ തോന്നും. മനുഷ്യരും മൃഗങ്ങളും ഉള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ഒരു സാധാരണ സ്വഭാവമാണത്. അതിനാല്‍ തന്നെ കോട്ടുവായിടാന്‍ തോന്നുമ്പോള്‍ കഷ്ടപ്പെട്ട് നിയന്ത്രിക്കേണ്ട കാര്യമൊന്നുമില്ല, കാരണം ശരീരത്തിന്റെ ഒരാവശ്യമാണത്. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത, ചിലപ്പോഴൊക്കെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണത്.
എന്തുകൊണ്ടാണ് ആളുകള്‍ കോട്ടുവായിടുന്നത് എന്നത് സംബന്ധിച്ച് നിരവധി തിയറികള്‍ നിലവിലുണ്ട്. അതില്‍ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്ന്, ശരീരത്തിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്താന്‍ കോട്ടുവായ സഹായിക്കുന്നു എന്നതാണ്. പക്ഷേ ഇത് ശരിയല്ലെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുമുണ്ട്. പിന്നെ എന്തായിരിക്കും കോട്ടുവായ്ക്ക് കാരണം?
സാധാരണയായി ആളുകള്‍ കോട്ടുവായിടുന്ന സാഹചര്യങ്ങള്‍ ഇതൊക്കെയാണ്
- ക്ഷീണിതരായിക്കുമ്പോള്‍ – ശരീരത്തിന് ക്ഷീണമുണ്ടാകുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും താപനിലയില്‍ വ്യതിയാനമുണ്ടാകുകയും ചെയ്യുന്നു.
- ഉറക്കമില്ലാതിരിക്കുമ്പോള്‍– ഒരു ദിവസം ഉറങ്ങാതിരുന്നാല്‍ അല്ലെങ്കില്‍ ഉറക്കം കുറഞ്ഞാല്‍ പിറ്റേന്ന് അടിക്കടി കോട്ടുവായ ഉണ്ടാകുന്നത് സ്വാഭാവികമാണ്.
- വിരസതയുണ്ടാകുമ്പോള്‍ – പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത അവസരങ്ങളില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പതുക്കെയാകുയും താപനില വ്യതിയാനം ഉണ്ടാകുകയും ചെയ്യുന്നു.
- മറ്റാരെങ്കിലും കോട്ടുവായിടുന്നത് കാണുമ്പോള്‍ – നമുക്കൊപ്പം ഉള്ള ഒരാളോ അല്ലെങ്കില്‍ നമ്മുടെ അതേ താപനില സാഹചര്യത്തില്‍ ഉള്ള ഒരാളോ കോട്ടുവായിടുന്നത് കണ്ടാല്‍ സ്വാഭാവികമായി നമുക്കും കോട്ടുവായിടാന്‍ തോന്നും.
കാരണങ്ങള്‍
തലച്ചോറിനുള്ളിലെ താപനില ക്രമീകരണത്തിന് വേണ്ടിയാണ് കോട്ടുവായിടുന്നതെന്ന തിയറിക്കാണ് കൂടുതല്‍ ശാസ്ത്രീയ പിന്‍ബലമുള്ളത്. 2014ല്‍ സൈക്കോളജി ആന്‍ഡ് ബിഹേവിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം, 120 ആളുകളിലെ കോട്ടുവായ ശീലങ്ങള്‍ വിശകലനം ചെയ്തിരുന്നു. ശൈത്യകാലത്ത് ആളുകള്‍ കോട്ടുവായിടന്നത് കുറവാണെന്നാണ് ഈ പഠനം കണ്ടെത്തിയത്. തലച്ചോറിനുള്ളിലെ താപനില സാധാരണയുള്ളതിനേക്കാള്‍ വളരെ അധികമാകുമ്പോള്‍ ഉച്ഛാസത്തിലൂടെ എത്തുന്ന വായു താപനില കുറയ്ക്കാന്‍ തലച്ചോറിനെ സഹായിക്കുന്നു.
ആളുകള്‍ കോട്ടുവായിടാനുള്ള മറ്റൊരു കാരണം ശരീരം സ്വയമൊന്നുണരാന്‍ ആഗ്രഹിക്കുന്നു എന്നുള്ളതാണ്. കോട്ടുവായിടുമ്പോള്‍ ശ്വാസകോശവും കോശകലകളും അല്‍പ്പം വിസ്തൃതമാകുകയും ശരീരത്തിലെ പേശികളും സന്ധികളുമെല്ലാം അയയുകയും ചെയ്യുന്നു. മാത്രമല്ല കോട്ടുവായിടുമ്പോള്‍ മുഖത്തിലേക്കും തലച്ചോറിലേക്കും കൂടുതല്‍ രക്തമെത്താനും അങ്ങനെ അല്‍പ്പം ഉന്മേഷമുണ്ടാകാനും ഇടയാകുന്നു.
കോട്ടുവായ പകരുമോ?
കോട്ടുവായ പകരാം. ഒരാള്‍ കോട്ടുവായിടുന്ന വീഡിയോ കണ്ടാല്‍ പോലും അത് കാണുന്നയാള്‍ക്ക് കോട്ടുവായിടാന്‍ തോന്നാം. ബെയ്‌ലര്‍ സര്‍വ്വകലാശാലയുടെ പഠനം അനുസരിച്ച് അങ്ങനെ തോന്നുന്നത് ഒരു നല്ല ലക്ഷണമാണ്. മറ്റുള്ളവരോടുള്ള സഹാനുഭൂതിയും അടുപ്പവുമാണ് അതിലൂടെ നിങ്ങള്‍ പ്രകടമാക്കുന്നതെന്ന് അവരുടെ പഠനം അവകാശപ്പെടുന്നു. എന്നാല്‍ ഇത് എല്ലാവരിലും സത്യമായിക്കൊള്ളണമെന്നില്ല.
എങ്ങനെ നിയന്ത്രിക്കാം?
അമിതമായി കോട്ടവായിടുന്ന ശീലമുള്ളയാളാണ് നിങ്ങളെങ്കില്‍ (അനവസരങ്ങളില്‍ അത് ബുദ്ധിമുട്ട് തന്നെയാണ്) അത് നിര്‍ത്താന്‍ ചില വഴികളുണ്ട്.
- ദീര്‍ഘശ്വാസമെടുക്കുക – മൂക്കിലൂടെ ദീര്‍ഘശ്വാസമെടുത്താല്‍ കോട്ടുവായിടുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാനാകും.
- അനങ്ങിക്കൊണ്ടിരിക്കുക– ക്ഷീണം, വിരസത, സ്‌ട്രെസ് എന്നിവയൊക്കെയാണ് മിക്കവരിലും കോട്ടുവായ്ക്ക് കാരണമാകുന്നത്. വെറുതേയിരിക്കാതെ, എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരുന്നാല്‍ കോട്ടുവായില്‍ നിന്ന് രക്ഷപ്പെടാം.
- കൂളായിരിക്കുക– ഇടയ്ക്ക് പുറത്തിറങ്ങി നടക്കുക, ചൂട് കുറഞ്ഞ സ്ഥലങ്ങളില്‍ വിശ്രമിക്കുക എന്നിവയിലൂടെയൊക്കെ കോട്ടുവായെ മറികടക്കാം. ഇനി ഇതിനൊന്നും സമയമില്ലെങ്കില്‍ തണുത്ത വെള്ളം കുടിച്ചാലും പഴങ്ങള്‍ പോലെ ശരീരത്തെ തണുപ്പിക്കുന്നതെന്തെങ്കിലും കഴിച്ചാലും കോട്ടുവായ ഇല്ലാതാക്കാം.
ഡോക്ടറെ കാണേണ്ട പ്രശ്‌നമാണോ?
അസാധാരണമായ നിലയില്‍ കോട്ടുവായിടുന്നതായി തോന്നുകയും അതിനൊപ്പം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്.
Discussion about this post