തൃശൂർ: ഞായറാഴ്ച കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വരവിന് മുന്നോടിയായി മഹിളാ മോർച്ചയുടെ വിളംബര ബൈക്ക് റാലി തൃശൂരിൽ വ്യാഴാഴ്ച നടക്കും. നൂറുകണക്കിന് വനിതകൾ ഇരുചക്രവാഹനങ്ങളിൽ റാലിയിൽ അണിനിരക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വൈകിട്ട് നാല് മണിക്ക് തൃശൂർ ജില്ലാ ഓഫീസിന് മുൻപിൽ നിന്നാണ് ബൈക്ക് റാലി ആരംഭിക്കുക. നഗരത്തിലൂടെ സഞ്ചരിക്കുന്ന റാലി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വരവറിയിക്കുന്നതിനാണ് സംഘടിപ്പിച്ചിട്ടുളളത്. അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ പതിക്കാനും മഹിളാ മോർച്ച പ്രവർത്തകർ രംഗത്തിറങ്ങിയിരുന്നു.
ഞായറാഴ്ച എത്തുന്ന അമിത് ഷാ വൈകിട്ട് നാല് മണിക്ക് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ അഞ്ചിന് അമിത് ഷാ എത്താനിരുന്നതാണെങ്കിലും സന്ദർശനം മാറ്റിവെക്കുകയായിരുന്നു.
വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കെ അമിത് ഷായുടെ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ സന്ദർശനം വലിയ വിജയമാക്കാനുളള തയ്യാറെടുപ്പിലാണ് ബിജെപി ജില്ലാ നേതൃത്വം. അമിത് ഷായെ വരവേൽക്കുന്ന ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും ദിവസങ്ങൾക്ക് മുൻപേ നഗരത്തിൽ ഇടംപിടിച്ചുകഴിഞ്ഞു.
Discussion about this post