കോട്ടയം : കോട്ടയത്ത് കോൺഗ്രസിൽ പൊട്ടിത്തെറിയെത്തുടർന്ന് നേതാക്കന്മാർക്ക് സസ്‌പെൻഷൻ. പൊൻകുന്നം ചിറക്കടവ് സർവീസ് സഹകരണ ബാങ്കിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെ തുടർന്നാണ് പൊട്ടിത്തെറിയുണ്ടായത്. തുടർന്ന് ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമായ അഭിലാഷ് ചന്ദ്രൻ, ബാങ്ക് ഡയറക്ടർ ബോർഡ് പ്രസിഡന്റും ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റും ആയ പി എൻ ദാമോദരൻ പിള്ള എന്നിവരെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സസ്‌പെൻഡ് ചെയ്തു.
കാലങ്ങളായി ചിറക്കടവ് സർവീസ് സഹകരണബാങ്ക് ഭരിക്കുന്നത് യുഡിഎഫ് ആണ്. ബാങ്കിൽ അടുത്തിടെ ഉണ്ടായ ഒഴിവുകളിൽ പാവങ്ങളെയും സാധാരണ പ്രവർത്തകരെയും ഒഴിവാക്കി ഒരു മാർക്‌സിസ്റ്റ് നേതാവിന്റെ ഭാര്യക്കും മുൻ ഡയറക്ടർബോർഡ് മെമ്പറുടെ മകൾക്കും ലക്ഷങ്ങൾ നിക്ഷേപം ഉള്ള മറ്റുചിലർക്കും ആണ് നിയമനം നൽകിയത്. അതാണ് പാർട്ടിയിൽ കലഹം ആരംഭിക്കുന്നതിന് കാരണമായത്.
കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ സിപിഎം നേതാവിന്റെ ഭാര്യക്ക് നിയമനം നൽകിയത് കോൺഗ്രസ് സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് എന്ന് ആരോപണമുണ്ട്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി ബ്ലോക്ക് പ്രസിഡന്റും വൈസ് പ്രസിഡന്റും തീരുമാനം എടുക്കുകയായിരുന്നു എന്നാണ് ആരോപണം.
കൂട്ട രാജി ഭീഷണിയും പരസ്യമായ വിഴുപ്പലക്കലും പാർട്ടിയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന സ്ഥിതി ഉണ്ടായപ്പോഴാണ് ഇപ്പോൾ മുഖം രക്ഷിക്കുവാൻ സസ്‌പെൻഷൻ നടപടികളുമായി നേതൃത്വം മുന്നോട്ടുവന്നിരിക്കുന്നത്.
മുൻപ് പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ദുർബ്ബലമായ ഈ അവസ്ഥയിലാണ് അണികളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങൾ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.
നേതാക്കളെ സസ്‌പെൻഡ് ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു.
Discussion about this post