സ്വര്‍ണ്ണം പോലെ ലോകത്തിലെ എല്ലാ സംസ്‌കാരങ്ങളും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗിക്കുന്ന, ഏറ്റവുമധികം വിലമതിക്കുന്ന മറ്റൊരു ലോഹമുണ്ടാകില്ല. ആഭരണങ്ങളായി ഉപയോഗിക്കാമെന്നത് മാത്രമല്ല, മികച്ച നിക്ഷേപം, ഉരുക്കി ഏത് രൂപത്തിലും ആകൃതിയിലുമാക്കാനുള്ള എളുപ്പം എന്നിവയൊക്കെയാണ് സ്വര്‍ണ്ണം ഇത്രയും ജനപ്രിയമാകാനുള്ള കാരണങ്ങള്‍. പക്ഷേ ആഭരണമുണ്ടാക്കാം എന്നതല്ലാതെ സ്വര്‍ണ്ണത്തിന് നാം കരുതാത്ത ചില ഉപയോഗങ്ങളുണ്ടെന്ന് അറിയാമോ. അതുമാത്രമല്ല, സ്വര്‍ണ്ണത്തെ കുറിച്ച് വിസ്മയപ്പെടുത്തുന്ന ചില വസ്തുതകളും ഉണ്ട്.
മഞ്ഞലോഹം
മഞ്ഞനിറത്തിലുള്ള ഏക ലോഹമാണ് സ്വര്‍ണ്ണം. ചില ലോഹങ്ങള്‍ മഞ്ഞനിറം കൈവരിക്കാറുണ്ട്, പക്ഷേ അത് ഓക്‌സിഡൈസേഷന് ശേഷമോ മറ്റ് രാസവസ്തുക്കളുമായി ചേരുമ്പോഴോ ആണ്.
ശൂന്യാകാശത്തും സ്വര്‍ണ്ണം
ചില ഉല്‍ക്കകളിലും ഭൂമിയിലേക്ക് പതിച്ചിട്ടുള്ള ചില ശൂന്യാകാശ വസ്തുക്കളിലും ചെറിയ അളവില്‍ സ്വര്‍ണ്ണമുണ്ടാകാറുണ്ട്. ഭൂമിയിലുള്ള സ്വര്‍ണ്ണത്തിന്റെ വലിയ പങ്കും ഇത്തരത്തില്‍ ശൂന്യാകാശത്ത് നിന്നും എത്തിയതായിരിക്കാമെന്നാണ് ചില ശാസ്ത്രജ്ഞര്‍ കരുതുന്നത്.
സ്വര്‍ണ്ണമെങ്ങനെ ഉണ്ടായി?
200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഭൂമിയുമായി കൂട്ടിയിടിച്ച ഉല്‍ക്കകളില്‍ നിന്നുമാണ് ഭൂമിയില്‍ ഇന്ന് കാണുന്ന സ്വര്‍ണ്ണമെല്ലാം എത്തിയതെന്നാണ് കരുതപ്പെടുന്നത്. ഭൂമിയുടെ ക്രസ്റ്റിലും മാന്റിലിലും സ്വര്‍ണ്ണമുണ്ട്.
ആ പേര് എവിടെ നിന്ന്?
Au എന്നതാണ് സ്വര്‍ണ്ണമെന്ന മൂലകത്തിന്റെ ചിഹ്നം. ലാറ്റിന്‍ പദമായ ഓറത്തില്‍ (aurum) നിന്നുമാണ് ആ പേര് കിട്ടിയത്. സൂര്യോദയത്തിന്റെ പ്രഭ, അല്ലെങ്കില്‍ തിളങ്ങുന്ന പ്രഭാതം എന്നൊക്കെയാണ് ആ പദത്തിന്റെ അര്‍ത്ഥം.
പരിശുദ്ധമായ സ്വര്‍ണ്ണം
താരതമ്യേന പ്രതിപ്രവര്‍ത്തനം കുറഞ്ഞ, വായു, ഈര്‍പ്പം, അസിഡിക് ആയ സാഹചര്യങ്ങളിലൊന്നും നശിക്കാത്ത ലോഹമാണ് സ്വര്‍ണ്ണം. സാധാരണയായി മിക്ക ലോഹങ്ങളും ആസിഡുകളില്‍ ലയിക്കാറുണ്ട്. പക്ഷേ അക്വ റീജിയ എന്ന ആസിഡുകളുടെ ഒരു പ്രത്യേക മിശ്രിതത്തിലേ സ്വര്‍ണ്ണം ലയിക്കാറുള്ളൂ.
എന്താണ് ഈ കാരറ്റ് കണക്ക്?
പരിശുദ്ധമായ സ്വര്‍ണ്ണം 24 കാരറ്റാണ്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണ്ണം എന്ന് പറയുമ്പോള്‍ അതില്‍ 75 ശതമാനം മാത്രമാണ് സ്വര്‍ണ്ണമാണ്. 14 കാരറ്റ് സ്വര്‍ണ്ണം എന്നതില്‍ 58.5 ശതമാനവും 10 കാരറ്റ് സ്വര്‍ണ്ണത്തില്‍ 41.7 ശതമാനവുമാണ് സ്വര്‍ണ്ണത്തിന്റെ അളവ്.
കടലിലും സ്വര്‍ണ്ണം
കടലില്‍ കായം കലക്കിയ പോലെ എന്നതുപോലെ കടല്‍വെള്ളത്തിലും വളരെ ചെറിയ അളവില്‍ സ്വര്‍ണ്ണമുണ്ട്. പക്ഷേ കടലില്‍ മൊത്തത്തിലുള്ള സ്വര്‍ണ്ണത്തിന്റെ അളവ് 20 ദശലക്ഷം ടണ്‍ വരുമെന്നാണ് പറയപ്പെടുന്നത്.
സ്വര്‍ണ്ണച്ചെടികള്‍ സത്യമാണോ?
ചില ചെടിവര്‍ഗ്ഗങ്ങള്‍ മണ്ണില്‍ നിന്നും സ്വര്‍ണ്ണം വലിച്ചെടുക്കുമെന്ന് പറയപ്പെടുന്നു. മലിനമായ മണ്ണില്‍ നിന്നും ചെടികളെ ഉപയോഗിച്ച് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാന്‍ വരെ ശാസ്ത്രജ്ഞര്‍ ശ്രമിച്ചിട്ടുണ്ട്.
എവിടെയൊക്കെ സ്വര്‍ണ്ണമുണ്ട്?
കടലിലെന്ന പോലെ പുഴയിലും ചെറിയ അരുവികളിലുമെല്ലാം നേരിയ അളവില്‍ സ്വര്‍ണ്ണം കാണപ്പെടാറുണ്ട്. അതുപോലെ പാറകളിലും ധാതുക്കളിലും (പ്രത്യേകിച്ച് സ്ഫടികം, സള്‍ഫൈഡുകള്‍) എന്നിവയിലും സ്വര്‍ണ്ണത്തിന്റെ അംശമുണ്ടാകാറുണ്ട്.
മനുഷ്യരുടെ മുടിയില്‍ സ്വര്‍ണ്ണമുണ്ടോ?
തങ്ങളുടെ മുടിയില്‍ സ്വര്‍ണ്ണം കണ്ടെത്തിയതായി ചില ആളുകള്‍ അവകാശപ്പെടാറുണ്ട്. ഇ്ത ഒരുപക്ഷേ അവര്‍ ജീവിക്കുന്ന അന്തരീക്ഷത്തില്‍ സ്വര്‍ണ്ണത്തിന്റെ അംശമുള്ളതുകൊണ്ടാകാം.
സ്വർണ്ണത്തിന്റെ ഉപയോഗങ്ങൾ
പ്രകൃതിയില്‍ ഇങ്ങനെയെല്ലാം സ്വര്‍ണ്ണം കാണപ്പെടാറുണ്ടെങ്കിലും മനുഷ്യന്റെ കയ്യിലെത്തി കഴിഞ്ഞാല്‍ അത് ആഭരണമായും ബിസ്‌കറ്റ് ആയും (ഇപ്പോള്‍ ആരും മനസിലാക്കാത്ത മറ്റ് പല രൂപങ്ങളിലും) എ്ന്തിന് പല്ലായി വരെ സ്വര്‍ണ്ണം രൂപം മാറും.
സ്വര്‍ണ്ണപ്പല്ല്– നൂറ്റാണ്ടുകളായി ദന്തപരിപാലന മേഖലയില്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നുണ്ട്. പല്ലിനുള്ളില്‍ നിറയ്ക്കാനും മേല്‍ക്കവചമായും ഒക്കെ സ്വര്‍ണ്ണം ഉപയോഗിക്കുന്നു. ഇതാണ് സ്വര്‍ണ്ണപ്പല്ലെന്ന് പറയുന്നത്.
സ്വര്‍ണ്ണം കഴിക്കാമോ– സ്വര്‍ണ്ണം വളരെ കഠിനമായ, കനമുള്ള ലോഹമാണെങ്കിലും അത് വിഷമല്ലെന്നത് കൊണ്ട് ചിലയാളുകളും ഹോട്ടലുകളും ഭക്ഷണത്തില്‍ ചെറിയ അളവില്‍ സ്വര്‍ണ്ണം ചേര്‍ക്കാറുണ്ട്. പക്ഷേ അതൊക്കെ കഴിക്കാന്‍ വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിക്കേണ്ടി വരുമെന്ന് മാത്രം.
മധുപാനീയത്തിലും സ്വര്‍ണ്ണം-ചില മദ്യങ്ങളിലും സ്വര്‍ണ്ണം ചേര്‍ക്കാറുണ്ട്. ഉദാഹരണത്തിന് ഗോള്‍ഡ്ഷ്‌ലേഗര്‍ പോലുള്ളവയില്‍. ഇവയുടെ ഓരോ ബോട്ടിലിലും നേര്‍ത്ത സ്വര്‍ണ്ണത്തരികള്‍ ഉണ്ട്. ഇത് കുടിക്കാവുന്നതാണ്.
സൗന്ദര്യം കൂട്ടാനും സ്വര്‍ണ്ണം-നിരവധി കമ്പനികള്‍ അവരുടെ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ സ്വര്‍ണ്ണം ചേര്‍ക്കുന്നതായി അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വളരെ കുറഞ്ഞ അളവില്‍ മാത്രമായിരിക്കും. സ്വര്‍ണ്ണത്തിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ്, ആന്റി-ഏയ്ജിംഗ് സവിശേഷതകള്‍ കൊണ്ടാണ് ഇവ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നത്.
സ്വര്‍ണ്ണനൂല്‍ കൊണ്ടൊരു കുപ്പായം-സ്വര്‍ണ്ണം വളരെ അയവുള്ള ഒരു ലോഹമാണ്. ഒരു ഔണ്‍സ് (28 ഗ്രാം) സ്വര്‍ണ്ണം കൊണ്ട് ഏതാണ്ട് 8 കിലോമീറ്റര്‍ നീളത്തിലുള്ള സ്വര്‍ണ്ണനൂല്‍ ഉണ്ടാക്കാനാകും. അതുകൊണ്ട് വസ്ത്രനിര്‍മ്മാണരംഗത്ത് നൂറ്റാണ്ടുകളായി സ്വര്‍ണ്ണം ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് രാജകീയ വസ്ത്രങ്ങള്‍ നിര്‍മ്മിക്കാനാണ് പണ്ടുകാലത്ത് സ്വര്‍ണ്ണനൂല്‍ ഉപയോഗിച്ചിരുന്നത്. ഇന്ന് സെലിബ്രിറ്റികള്‍ അവരുടെ വിവാഹത്തിനും മറ്റും സ്വര്‍ണ്ണനൂല്‍ കൊണ്ടുള്ള വസ്ത്രം ഉപയോഗിക്കാറുണ്ട്.
ബഹിരാകാശ പേടകങ്ങളിലെ സ്വര്‍ണ്ണം-നാസ ശൂന്യാകാത്തേക്ക് അയക്കുന്ന എല്ലാ പേടകങ്ങളിലും പല രീതികളില്‍ സ്വര്‍ണ്ണം ഉപയോഗിക്കാറുണ്ട്. സര്‍ക്യൂട്ടുകളിലും മെക്കാനിക്കല്‍ ഭാഗങ്ങള്‍ക്ക് ലൂബ്രിക്കന്റ് ആയുമെല്ലാം പേടകങ്ങളില്‍ സ്വര്‍ണ്ണം ഉപയോഗിച്ച് വരുന്നു. പേകടത്തിന്റെ ഉള്‍ഭാഗം പൂശാനും സ്വര്‍ണ്ണം ഉപയോഗിക്കാറുണ്ട്. ബഹിരാകാശ സഞ്ചാരികളെ ഇന്‍ഫ്രാറെഡ് കിരണങ്ങളില്‍ നിന്നും കഠിനമായ ചൂടില്‍ നിന്നും സംരക്ഷിക്കാനാണിത്. അതുപോലെ ബഹിരാകാശ സഞ്ചാരികളുടെ ഹെല്‍മെറ്റിനുള്ളിലും വസ്ത്രത്തിനുള്ളിലും സ്വര്‍ണ്ണം ഉപയോഗിക്കാറുണ്ട്.
കംപ്യൂട്ടറുകളിലും സെല്‍ഫോണിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും സ്വര്‍ണ്ണമുണ്ട്– വൈദ്യുതി കടത്തിവിടാനുള്ള സ്വര്‍ണ്ണത്തിന്റെ സ്വഭാവം കാരണം കംപ്യൂട്ടറുകളിലും വളരെ കുറഞ്ഞ അളവില്‍ സ്വര്‍ണ്ണം ഉപയോഗിക്കാറുണ്ട്. അതുപോലെ തുരുമ്പിനെ പ്രതിരോധിക്കാന്‍ സ്വര്‍ണ്ണത്തിന് കഴിയുന്നതിനാല്‍ സെല്‍ഫോണുകളിലും കുറഞ്ഞ അളവില്‍ സ്വര്‍ണ്ണമുപയോഗിക്കാറുണ്ട്.
മെഡിക്കല്‍ ഇംപ്ലാന്റുകള്‍-തുരുമ്പ് പിടിക്കാത്തതടക്കമുള്ള സ്വര്‍ണ്ണത്തിന്റെ സവിശേഷതകള്‍ കാരണം പേസ്‌മേക്കര്‍, കൃത്രിമ സന്ധികള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ വിരളമായി സ്വര്‍ണ്ണമുപയോഗിക്കാറുണ്ട്.
വാതത്തിന് മരുന്നായും സ്വര്‍ണ്ണം-ചിലതരം വാതരോഗങ്ങള്‍ക്ക് മരുന്നായും സ്വര്‍ണ്ണം ഉപയോഗിക്കുന്നുണ്ട്. ഗോള്‍ഡ് സാള്‍ട്ട് അടങ്ങിയ കുത്തിവെപ്പുകള്‍ വഴി രോഗികള്‍ക്ക് നീര്‍ക്കെട്ടില്‍ നിന്നും മരവിപ്പില്‍ നിന്നും വേദനയില്‍ നിന്നും ആശ്വാസം ലഭിക്കുമെന്നാണ് പറയുന്നത്.
കലാരംഗത്തും വാസ്തുവിദ്യയിലും-ചില ക്ഷേത്രങ്ങളുടെയും മറ്റ് അരാധനാലയങ്ങളുടെയും കൊട്ടാരങ്ങളുടെയുമെല്ലാം നിര്‍മ്മാണത്തിനായി ചിലപ്പോള്‍ സ്വര്‍ണ്ണമുപയോഗിക്കാറുണ്ട്. അതുപോലെ കലാസൃഷ്ടികള്‍ക്കായും സ്വര്‍ണ്ണം ഉപയോഗിക്കാറുണ്ട്.
സ്വര്‍ണ്ണത്തിന്റെ ക്രെഡിറ്റ് കാര്‍ഡ്– ഗോള്‍ഡ്, പ്ലാറ്റിനം, ഡയമണ്ട് എ്‌ന്നൊക്കെ പേരുകളിലുള്ള ക്രൈഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നമ്മളില്‍ പലരുടെയും കൈവശമുണ്ടെങ്കിലും പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാകില്ലെന്ന് തീര്‍ച്ചയാണ്. എന്നാല്‍ അത്തരമൊരു കാര്‍ഡ് ഉണ്ട്. 2012ല്‍ കസാക്കിസ്ഥാനിലെ സ്‌ബെര്‍ബാങ്ക് അവരുടെ ഉപഭോക്താക്കള്‍ക്കായി ഗോള്‍ഡ് കാര്‍ഡ് പുറത്തിറക്കി.ഒരു കാര്‍ഡിന് 100,000 ഡോളറാണ് അവര്‍ ഈടാക്കിയത്.
സ്വര്‍ണ്ണം ലഭിക്കുന്ന എടിഎം
കാര്‍ഡിട്ടാല്‍ പണം ലഭിക്കുന്നത് പോലെ സ്വര്‍ണ്ണക്കട്ടി ലഭിക്കുന്ന എടിഎം ഉണ്ടാകുമോ. ഉണ്ട്, അബുദാബിയില്‍. അത്യാഡംബര മാളുകളിലാണ് ഇത്തരം യന്ത്രങ്ങള്‍ ഉള്ളത്. കൊത്തുണികള്‍ ചെയ്ത പലതരത്തിലുള്ള നാണയങ്ങളും പ്ലേറ്റുകളുമെല്ലാം ഇവിടെ നിന്ന് ലഭിക്കും. ലോഹത്തിന്റെ വിപണിമൂല്യം അനുസരിച്ചാണ് ഇവയുടെ വില നിശ്ചയിക്കുന്നത്.













Discussion about this post