കൊച്ചി: സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. തനിക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഇല്ലെന്നും, തന്നെ ആരും സ്വപ്‌നയുടെ അടുത്തേക്ക് അയച്ചിട്ടില്ലെന്നും വിജേഷ് അവകാശപ്പെടുന്നു. കൂടിക്കാഴ്ച നടത്തിയത് വെബ് സീരിസുമായി ബന്ധപ്പെട്ടാണ്. സ്വപ്‌നയുമായി മറ്റ് ബന്ധങ്ങൾ ഒന്നുമില്ല. കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്. ബിസിനസ് ആവശ്യത്തിന് വേണ്ടി മാത്രമാണ് സ്വപ്നയെ ബന്ധപ്പെട്ടത്. സ്വപ്‌ന പറയുന്നത് പോലുള്ള കാര്യങ്ങളൊന്നും അവരുമായി സംസാരിച്ചിട്ടില്ല എന്നും വിജേഷ് പറയുന്നു.
അതേസമയം ഇഡി തന്നെ ചോദ്യം ചെയ്തുവെന്ന വിവരവും വിജേഷ് പിള്ള സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരു പോലീസിന് നൽകിയ പരാതിയുടെ അതേ പകർപ്പ് ഇഡിക്കും സ്വപ്‌ന സുരേഷ് നൽകിയിരുന്നു. ഇഡി രജിസ്റ്റർ കേസിലെ പ്രതിയും പ്രധാനപ്പെട്ട സാക്ഷിയുമാണ് സ്വപ്‌ന. അതിനാലാണ് ഇഡിക്കും സ്വപ്‌ന പരാതി കൈമാറിയത്. ഈ സാഹചര്യത്തിലാണ് ഇഡി വിജേഷിന്റെ മൊഴി രേഖപ്പെടുത്തിയത് എന്നാണ് വിവരം.
കർണാടക ആഭ്യന്തര വകുപ്പിനാണ് നിലവിൽ ഈ വിഷയം സംബന്ധിച്ച് സ്വപ്ന പരാതി നൽകിയിരിക്കുന്നത്. കർണാടക പോലീസ് വിജേഷിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്ന വിവരം പുറത്ത് വരുന്നുണ്ട്. സംസ്ഥാന പോലീസും നിലവിൽ ഇയാൾക്കെതിരെ വിവര ശേഖരണം നടത്തുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇയാൾക്കെതിരെ പരാതിയൊന്നും ഇല്ലാത്തതിനാൽ സംസ്ഥാന പോലീസിന് വിജേഷിനെതിരെ നിയമപരമായി ഒന്നും ചെയ്യാൻ സാധിക്കില്ല.
Discussion about this post