കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബാൽക് പ്രവിശ്യയിലെ താലിബാൻ ഗവർണർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുഹമ്മദ് ദാവൂദ് മുസമ്മിലാണ് കൊല്ലപ്പെട്ടത്. 2021ൽ താലിബാൻ അധികാരത്തിൽ എത്തിയതിന് ശേഷം രാജ്യത്ത് കൊല്ലപ്പെടുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മുഹമ്മദ് ദാവൂദ് മുസാമിൽ. ഗവർണറുടെ ഓഫീസിൽ ഇരിക്കുമ്പോഴാണ് മുസമ്മിൽ കൊല്ലപ്പെടുന്നത്. ഓഫീസിന്റെ രണ്ടാം നിലയിലേക്ക് ചാവേർ എത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
മുസമ്മിലിന് പുറമെ മറ്റൊരു ഉദ്യോഗസ്ഥൻ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പോലീസ് വക്താവ് ആസിഫ് വസീരി പറഞ്ഞു. ബാൽക്കിന്റെ പ്രവിശ്യാ തലസ്ഥാനമായ മസാറിലാണ് ഈ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ” സംഭവിച്ചത് ചാവേർ ആക്രമണമാണ്. എന്നാൽ ചാവേർ എങ്ങനെയാണ് ഗവർണറുടെ ഓഫീസിലെത്തിയതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ആസിഫ് വസീരി പറയുന്നു. രണ്ട് പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമിന്റെ ശത്രുക്കൾ നടത്തിയ ആക്രമണത്തിലാണ് മുസമ്മിൽ രക്തസാക്ഷിയായതെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. അഫ്ഗാന്റെ കിഴക്കൻ പ്രവിശ്യയായ നംഗർഹാറിന്റെ ഗവർണറായിരുന്ന മുസമ്മിൽ കഴിഞ്ഞ വർഷമാണ് ബാൽക്കിലേക്ക് മാറുന്നത്. താലിബാൻ അധികാരമേറ്റത് മുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഐഎസ് ഭീകരർ വലിയ തോതിൽ ആക്രമണങ്ങൾ നടത്തി വരുന്നുണ്ട്. ജനുവരിയിൽ കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമുണ്ടായ ചാവേർ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post