കൊച്ചി: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കിയ കോടതിവിധിയിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെയെന്നും ദൈവത്തിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. താൻ തോൽപ്പിച്ച മുൻ മന്ത്രിയും ,ഉമ്മൻ ചാണ്ടിയും നടത്തിയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് മന്ത്രി ആരോപിച്ചു. അന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായ രാഷ്ട്രീയ പ്രേരിതമായ കള്ളക്കേസാണ് തനിക്കെതിരെ ചുമത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ ബോധപൂർവ്വം നടത്തിയ കള്ളക്കേസാണ്. ഇപ്പോൾ സത്യം ജയിച്ചുവെന്നും കോടതി തന്റെ നിരപരാധിത്വം അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയതെങ്കിൽ ഇനി യഥാർത്ഥ പ്രതികളെയും മറ്റും അന്വേഷിച്ച് കണ്ടെത്തിക്കോട്ടെയെന്നും തനിക്കെന്തായെന്നും അദ്ദേഹം ചോദിച്ചു. 2006 ൽ തന്റെ സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടത് ഈ കള്ളക്കേസ് മൂലമാണ്. പക്ഷേ ദൈവം തന്നെ കൈവിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post