കൊച്ചി: കറുപ്പ് എങ്ങനെയാണ് കേരളത്തിലെ ഭരണമുന്നണിക്കും മുഖ്യമന്ത്രിക്കും
ഭീഷണിയാകുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ. അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കറുത്ത സാരി ധരിക്കുമെന്നും രേഖാ ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. പുരുഷന്മാരായ പോലീസുകാർ സ്ത്രീകളെ മർദ്ദിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. പോലീസോ സംസ്ഥാനത്തെ സർക്കാരോ ഇതിനെതിരെ നടപടിയെടുക്കാത്തതാണ് ഇത്തരം പ്രവണതകൾ കൂടാൻ കാരണം.
കോഴിക്കോട് യുവമോർച്ച പ്രവർത്തകയെ പോലീസുകാർ മർദ്ദിക്കുന്ന ചിത്രവും രേഖാശർമ്മ ഉയർത്തിക്കാട്ടി. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും കേസെടുക്കണമെന്നും രേഖാ ശർമ്മ ആവശ്യപ്പെട്ടു. യൂണിഫോമിലാണ് അയാൾ അതിക്രമം നടത്തിയത്. സംസ്ഥാനത്ത് ഗാർഹിക കുറ്റകൃത്യങ്ങളുടെ എണ്ണം കൂടി വരികയാണ്. വയനാട് പോലെ ആദിവാസി സമൂഹങ്ങൾ ഏറെയുള്ള ജില്ലകളിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൂടുന്നതെന്നും രേഖാ ശർമ്മ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ പുരുഷ പോലീസുകാർ മർദ്ദിച്ച യുവമോർച്ച ജില്ലാ കമ്മിറ്റിയംഗം വിസ്മയ പിലാശ്ശേരിയുടെ മൊഴിയും രേഖ ശർമ്മ രേഖപ്പെടുത്തി. കൊച്ചിയിലെത്തിയാണ് ഇവർ വിസ്മയയുടെ മൊഴി രേഖപ്പെടുത്തിയത്. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് പി.നിവേദിത, സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, യുവമോർച്ച ജില്ലാ കമ്മിറ്റിയംഗം നയന ശിവദാസ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജൂബിൻ ബാലകൃഷ്ണൻ എന്നിവർക്കൊപ്പമാണ് വിസ്മയ മൊഴി നൽകാനെത്തിയത്. കോഴിക്കോട് മുണ്ടിക്കൽതാഴം ജംഗ്ഷനിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് വിസ്മയയ്ക്ക്
പുരുഷ പോലീസിൽ നിന്ന് ദുരനുഭവം ഉണ്ടായത്.
Discussion about this post