ന്യൂഡൽഹി: രാജ്യത്തെ ആറ് യുട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഖാലിസ്ഥാൻ അനുകൂല ഉളളടക്കങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നിർണായക നടപടി.
വിദേശ രാജ്യങ്ങളിൽ നിന്ന് നിയന്ത്രിക്കുന്ന ആറ് യൂട്യൂബ് ചാനലുകളെയാണ് നിരോധിച്ചതെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി അപൂർവ ചന്ദ്ര വ്യക്തമാക്കി. നിരോധനം നേരിട്ട ആറ് ചാനലുകളും പഞ്ചാബി ഭാഷയിലുളളതാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ പത്ത് ദിവസങ്ങളിലായാണ് ആറ് ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്നും അപൂർവ ചന്ദ്ര വ്യക്തമാക്കി. നടപടി സ്വീകരിച്ച യുട്യൂബ് ചാനലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഖലിസ്ഥാൻ ഭീകരനേതാവായ അമൃതപാൽ സിംഗിന്റെ അനുയായികൾ തങ്ങളുടെ സഹായികളിലൊരാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച വാളുകളും തോക്കുകളുമായി അജ്നാലയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി.
Discussion about this post