ഹൈദരാബാദ്: ഭീകരതയോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഒരിക്കലും സഹിഷ്ണുത കാണിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരതയോട് ഇപ്പോഴുള്ള നയം തന്നെ വരും കാലങ്ങളിലും തുടരും. സിഐഎസ്എഫിന്റെ 54ാമത് റൈസിംഗ് ഡേ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഏത് ഭാഗത്തും നടക്കുന്ന വിഘടനവാദ പ്രവർത്തനങ്ങളേയും തീവ്രവാദത്തേയും ദേശവിരുദ്ധ പ്രവർത്തനങ്ങളേയും ശക്തമായി തന്നെ നേരിടുമെന്നും അമിത് ഷാ വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പത് വർഷമായി എൻഡിഎ സർക്കാർ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ വിജയകരമായി നേരിട്ട് കൊണ്ടിരിക്കുകയാണ്. കശ്മീരിൽ ഉണ്ടായിക്കൊണ്ടിരുന്ന അക്രമസംഭവങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നു. വടക്ക് കിഴക്കൻ മേഖലകളിലും, കമ്മ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിലുമെല്ലാം പ്രശ്‌നങ്ങൾ കുറഞ്ഞു. അവിടങ്ങളിലെ ജനങ്ങളുടെ ആത്മവിശ്വാസം വർധിച്ചു. തീവ്രവാദത്തിൽ നിന്ന് വിട്ടു വരുന്നവർക്ക് ജോലിയുൾപ്പെടെ മികച്ച ജീവിത സാഹചര്യങ്ങൾ ഒരുക്കി. അതുകൊണ്ട് തന്നെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. ആയുധങ്ങൾ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാൻ യുവാക്കൾ തയ്യാറാകുന്നുവെന്നും” അമിത് ഷാ ചൂണ്ടിക്കാട്ടി.
ഹൈദരാബാദിലാണ് ഇക്കുറി സിഐഎസ്എഫിന്റെ വാർഷിക റൈസിംഗ് ഡേ ആഘോഷങ്ങൾ നടക്കുന്നത്. ഇതാദ്യമായാണ് ഡൽഹിക്ക് പുറത്ത് റൈസിംഗ് ഡേ ആഘോഷം നടത്തുന്നത്. ഗാസിയാബാദിലെ സിഐഎസ്എഫ് ഗ്രൗണ്ടിൽ വച്ചായിരുന്നു എല്ലാ വർഷവും ചടങ്ങ് നടത്തിയിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി എല്ലാ അർദ്ധസൈനിക സൈനിക വിഭാഗങ്ങളും ഡൽഹിക്ക് പുറത്താണ് തങ്ങളുടെ റൈസിംഗ് ഡേ ആഘോഷങ്ങൾ നടത്തുന്നത്. ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയിലും ഈ മാസം 19ന് സിആർപിഎഫ് റൈസിംഗ് ഡേ സംഘടിപ്പിക്കുന്നുണ്ട്.
Discussion about this post