കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീപിടിച്ച് കൊച്ചിയിൽ വിഷപ്പുക നിറയുന്ന സംഭവത്തിൽ ഭരണകൂടത്തെയും മൗനം പാലിക്കുന്ന സാംസ്‌കാരിക നായകരെയും പരിഹസിച്ച് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സർക്കാരിനെയും സാംസ്‌കാരിക നായകരെയും വിമർശിച്ചത്. കൊച്ചി മരിക്കുന്നു, ബ്രഹ്മപുരം ഡിസാസ്റ്റർ എന്ന ഹാഷ്ടാഗോട് കൂടിയ പോസ്റ്റർ സഹിതമാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ദിവസം പത്തു കഴിഞ്ഞു ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്കു തീ കൊടുത്തിട്ട്.
സർക്കാരിനെ കൊണ്ട് ചെയ്യുന്നത് ചെയ്തു കഴിഞ്ഞു. കളക്ടറെ മാറ്റി, വ്യവസായ മന്ത്രിയും എക്സൈസ് മന്ത്രിയും പരിവാരസമേതം സ്ഥലപരിശോധന നടത്തി സംതൃപ്തരായി.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യുഡിഎഫിനെ കുറ്റപ്പെടുത്തി പ്രസ്താവന നടത്തി.
ഹൈക്കോടതി സ്വമേധയാ കേസെടുത്തു, ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
തീയണഞ്ഞില്ല, പുകയടങ്ങിയില്ല. ഇനി സാംസ്‌കാരിക നായകരുടെ ഒരു പ്രസ്താവന കൂടിയാകാം,
എന്റെ കൊച്ചി എന്റെ അഭിമാനം അഡ്വ. ജയശങ്കർ കുറിച്ചു. ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീപിടിച്ചത് അണയ്ക്കാൻ വൈകിയതോടെ വിഷപ്പുക നഗരത്തിലേക്ക് വ്യാപിക്കുകയായിരുന്നു. നിരവധി പേരാണ് ചുമയും തൊണ്ടവേദനയും ശ്വാസം മുട്ടലുമായി ആശുപത്രികളിൽ ചികിത്സ തേടിയത്. വിഷയത്തിൽ സാംസ്‌കാരിക നായകരും ചലച്ചിത്ര താരങ്ങളും പ്രതികരിക്കാത്തതിനെതിരെ വ്യാപക വിമർശനമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്. ഇതിനിടയിലാണ് ജയശങ്കർ ഭരണകൂടത്തെയും സാംസ്‌കാരിക നായകരെയും വിമർശിച്ച് രംഗത്തെത്തിയത്.
90 ശതമാനം തീയും പുകയും അണയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എറണാകുളം ജില്ലാ കളക്ടർ ഇന്നലെ അറിയിച്ചിരുന്നു. ഏഴ് സെക്ടറിൽ അഞ്ച് സെക്ടറിലും തീ അണച്ചുകഴിഞ്ഞു. ആറും ഏഴും സെക്ടറിലും ഒറ്റപ്പെട്ട നിലയിൽ മാത്രമേ ഇപ്പോൾ തീ പടരുന്നുളളൂവെന്നും കളക്ടർ വ്യക്തമാക്കി. തീപിടുത്തത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയും ഇന്നലെ ബ്രഹ്മപുരത്ത് സന്ദർശനം നടത്തിയിരുന്നു.
ജില്ലാ കളക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർ, ശുചിത്വമിഷൻ ഡയറക്ടർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജോയിന്റ് ചീഫ് എൻവയോൺമെന്റൽ എൻജിനീയർ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എന്നിവരാണ് നിരീക്ഷണ സമിതി അംഗങ്ങൾ. സമിതി അംഗങ്ങൾ സന്ദർശനത്തിന് ശേഷം യോഗവും ചേർന്നു. വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
Discussion about this post