എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ പ്രതികരണവുമായി നടൻ ശ്രീനിവാസൻ. മാലിന്യപ്ലാന്റിലെ പ്രശ്‌നങ്ങൾക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ സ്‌നേഹമാണ്. മാലിന്യം ബ്രഹ്‌മപുരത്തേക്ക് അയച്ച് പണം തട്ടുകയായിരുന്നു നഗരസഭയുടെ ഉദ്ദേശ്യമെന്നും ശ്രീനിവാസൻ വ്യക്തമാക്കി.
ബ്രഹ്‌മപുരത്തെ പ്രശ്‌നങ്ങൾക്ക് പിന്നിൽ ചിലരുടെ പണക്കൊതിയാണ്. തന്റെ സുഹൃത്തായ ഗുഡ്‌നൈറ്റ് മോഹൻ മുന്നോട്ടുവച്ച നിർദ്ദേശം നഗരസഭ തള്ളി. വിദേശത്ത് നിന്നും മെഷിനറി എത്തിച്ച് മാലിന്യം സംസ്‌കരിക്കാമെന്നും, അതിന്റെ ബൈപ്രൊഡക്ടറ്റ് മാത്രം തന്നാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. എന്നാൽ നഗരസഭ ഇത് അംഗീകരിച്ചില്ല. പത്ത് ലോറി മാലിന്യം ബ്രഹ്‌മപുരത്തേക്ക് അയച്ച് നൂറ് ലോറിയാക്കി കാണിച്ച് പണം കട്ടുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. വർഷങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. അന്ന് ഇത് അംഗീകരിച്ചിരുന്നുവെങ്കിൽ ഇന്ന് ബ്രഹ്‌മപുരത്തെ ജനങ്ങൾക്ക് ഇങ്ങനെ ഒരു അവസ്ഥ അനുഭവിക്കേണ്ടിവരില്ലായിരുന്നുവെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
അതേസമയം മാലിന്യപ്ലാന്റിൽ നിന്നും ഉയരുന്ന പുക വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് നടി ഗ്രേസ് ആന്റണി പറഞ്ഞു. ചുമയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ട്. ഒന്ന് ശ്വാസം പോലും വിടാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും നടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.












