അഹമ്മദാബാദ്: നരേന്ദ്ര മോദി സ്‌റ്റേഡിയം ബോംബുവച്ചു തകർക്കുമെന്ന് ഭീഷണി മുഴക്കിയ ഖാലിസ്ഥാൻ ഭീകരർ അറസ്റ്റിൽ. സാറ്റ്‌ന സ്വദേശികളായ രാഹുൽ കുമാർ, നരേന്ദ്ര കുശ്വാഹ എന്നിവരാണ് അറസ്റ്റിലായത്. മദ്ധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്നാണ് ഇവർ പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഒൻപതിന് സ്റ്റേഡിയത്തിൽ ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മാച്ച് നടന്നിരുന്നു. ഇതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണി മുഴക്കി രംഗത്ത് എത്തിയത്. സ്റ്റേഡിയം ബോംബുവച്ചു തകർക്കുമെന്നും, ശേഷം അവിടെ ഖാലിസ്ഥാൻ പതാക സ്ഥാപിക്കുമെന്നുമായിരുന്നു ഇവരുടെ ഭീഷണി. പ്രമുഖരുൾപ്പെടെ നിരവധി പേരുടെ ഫോണുകളിലേക്ക് ഈ സന്ദേശം എത്തിയിരുന്നു.
ഇതോടെ അഹമ്മദാബാദ് പോലീസിന്റെ സൈബർ സെല്ല് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ തന്നെ വലിയ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന കാര്യം അന്വേഷണ സംഘത്തിന് വ്യക്തമായി. ഇതോടെ പ്രതികൾക്കായി ഊർജ്ജിത അന്വേഷണം നടത്തുകയായിരുന്നു. പ്രതികളുടെ പക്കൽ നിന്നും 300 സിം കാർഡുകൾ പിടിച്ചെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. ഇതിന് പുറമേ അഞ്ച് റൂട്ടറുകളും, 11 സിം ബോക്‌സുകളും കണ്ടെടുത്തിട്ടുണ്ട്.
ഒൻപതിന് നടന്ന ക്രിക്കറ്റ് മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും എത്തിയിരുന്നു. ഈ സാഹചര്യത്തിൽ അതീവ സുരക്ഷയായിരുന്നു സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും ഏർപ്പെടുത്തിയിരുന്നത്.
Discussion about this post