മുംബൈ: ശുചീകരണ തൊഴിലാളിയായ യുവാവിനൊപ്പം വേദിയിൽ പാട്ടുപാടി നൃത്തം ചവിട്ടി ഗായകനും റാപ്പറുമായ യോ യോ സിംഗ് ഹണി. ജയ്പൂരിൽ നടന്ന സംഗീത പരിപാടിയ്ക്കിടെയായിരുന്നു സംഭവം. യുവാവിനൊപ്പമുള്ള അദ്ദേഹത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹണി 3.0 എന്ന ആൽബം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി പ്രമോഷൻ എന്ന നിലയിൽ സിംഗ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീത പരിപാടികൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ജയ്പൂരിലും പരിപാടി സംഘടിപ്പിച്ചത്. പാട്ടു പാടുന്നതിനിടെ സ്റ്റേജിലേക്ക് ആരാധകർ വർണ്ണക്കടലാസുകൾ വാരിയെറിഞ്ഞിരുന്നു. ഇത് കുമിഞ്ഞ് കൂടിയതോടെ വൃത്തിയാക്കാൻ എത്തിയതായിരുന്നു യുവാവ്. ചൂലുമായി വേദി വൃത്തിയാക്കുന്നതിനിടെ യോ യോ ഹണി സിംഗ് യുവാവിനെ കയ്യിൽ പിടിച്ച് തന്റെ അടുത്തേയ്ക്ക് വലിക്കുകയായിരുന്നു.
തുടർന്ന് യുവാവിനെ കെട്ടിപ്പിടിച്ച് പാട്ടുപാടി ഡാൻസ് കളിച്ചു. ആവേശഭരിതനായി യുവാവും ഒപ്പം നൃത്തം ചവിട്ടി. ഇത് കണ്ട് വേദിയിലുണ്ടായിരുന്നവരും ആരാധകരും അമ്പരന്നു. ചൂലും കയ്യിൽ പിടിച്ചായിരുന്നു യുവാവിന്റെ നൃത്തം.
അതേസമയം ഇതിന്റെ വീഡിയോ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. നിമിഷ നേരങ്ങൾ കൊണ്ടുതന്നെ ഇത് വൈറലാകുകയും ചെയ്തു. നിരവധി പേരാണ് അദ്ദേഹത്തിന്റെ എളിമയെ പ്രശംസിച്ച് രംഗത്ത് എത്തിയത്.
Discussion about this post