ലൊസാഞ്ചലസ്: 95ാമത് ഓസ്‌കർ പുരസ്‌കാര വിതരണം ലൊസാഞ്ചലസിലെ ഡോൾബി തിയേറ്ററിൽ ആരംഭിച്ചു. കഴിഞ്ഞ വർഷം ഓസ്‌കർ വേദിയെ ഞെട്ടിച്ച വിൽസ്മിത്തിന്റെ കുപ്രസിദ്ധമായ ഓസ്‌കർ സ്ലാപ്പ് ഇക്കുറിയും വേദിയിൽ ചർച്ചയായി. അവതാരകനായെത്തിയ ജിമ്മി കിമ്മൽ ഓസ്‌കർ സ്ലാപ്പിനെ കുറിച്ച് ചടങ്ങിന്റെ ആദ്യം തന്നെ പരാമർശിക്കുകയായിരുന്നു. ഷോ ടെലിക്‌സ്റ്റ് ചെയ്യുന്നതിനിടെ ആരെങ്കിലും തന്നെ ശാരീരികമായി ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ എന്ത് സംഭവിക്കും എന്ന തമാശയോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്.
” നിങ്ങളെല്ലാവരും ഈ പരിപാടി ആസ്വദിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുകയാണ്. അതുകൊണ്ട് തന്നെ നിങ്ങൾ കർശനമായ നിർദേശങ്ങൾ പാലിക്കേണ്ടി വരും. പരിപാടിക്കിടെ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള അക്രമം നടത്തിയാൽ നിങ്ങൾക്ക് മികച്ച നടനുള്ള അവാർഡ് നൽകുകയും, 19 മിനിട്ട് സംസാരിക്കാൻ സമയം അനുവദിക്കുകയും ചെയ്യും. എന്നാൽ വളരെ സീരിയസായി പറയേണ്ട കാര്യമുണ്ട്, അക്കാദമിക്ക് ഇവിടുത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു പ്രത്യേകം ടീം ഉണ്ട്. ഷോ നടക്കുന്നതിനിടെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ നിങ്ങൾ അവിടെ തന്നെ ഇരിക്കുക, മറ്റൊന്നും ചെയ്യരുത്.
സ്‌പൈഡൽമാൻ, അഡോണിസ് ക്രീഡ്, ഫാബെൽമാൻ ഇവരൊക്കെയാണ് എനിക്ക് സുരക്ഷ ഒരുക്കുന്നത്. നിങ്ങൾ ആർക്കെങ്കിലും ഒരു തമാശ കേട്ടിട്ട് ദേഷ്യം വന്നാൽ, അത് തമാശയാണെന്ന് തീരുമാനിക്കുക എളുപ്പമല്ല. പക്ഷേ അഡോണീസ് ക്രീഡിനേയും, മിഷേൽ യോയും, സ്‌പൈഡർമാനുമെല്ലാം നിങ്ങൾക്ക് നേരിടേണ്ടി വരും. ഫാബെൽമാനുമായി നിങ്ങൾ പിണങ്ങേണ്ടി വരും. എന്റെ വലംകയ്യായ ഗില്ലർമോയും നിങ്ങളെ കൈകാര്യം ചെയ്യുമെന്നും” ജിമ്മി കിമ്മൽ തമാശയായി പറയുന്നുണ്ട്.
2022ൽ നടന്ന ഓസ്‌കർ ചടങ്ങിനിടെയാണ് വിൽ സ്മിത്ത് ഹാസ്യനടൻ ക്രിസ് റോക്കിനെ സ്റ്റേജിൽ കയറിയ ശേഷം മുഖത്തടിക്കുന്നത്. വിൽ സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിന്റെ തലമുടി വടിച്ച് മൊട്ടത്തലയാക്കിയതിനെ കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമർശമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് ജാഡ പിങ്കറ്റ് മുടി നീക്കിയത്. സംഭവത്തിൽ വിൽ സ്മിത്ത് പിന്നീട് ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ സ്മിത്തിന് 10 വർഷത്തേക്ക് ഓസ്‌കർ ചടങ്ങിൽ പങ്കെടുക്കുന്നതിന് അക്കാദമി വിലക്ക് ഏർപ്പെടുത്തി.
Discussion about this post