കൊച്ചി: വനിതാദിനത്തിൽ ബിഎംഎസ് സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകയും അവതാരകയുമായ സുജയ പാർവ്വതിക്കെതിരെ നടപടി സ്വീകരിച്ച 24 ന്യൂസ് ചാനലിന്റെ കോർപ്പറേറ്റ് ഓഫീസിലേക്ക് ഇന്ന് ബിഎംഎസ് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 10 മണിക്ക് ബിഎംഎസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചാനലിന്റെ കടവന്ത്രയിലെ കോർപ്പറേറ്റ്് ഓഫീസിലേക്ക് മാർച്ച് നടത്തുക.
തൊഴിൽ നിഷേധത്തിനെതിരെ സുജയ പാർവ്വതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധമാർച്ച് നടത്തുന്നത്. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. സംഭവത്തിൽ കഴിഞ്ഞ ദിവസം ബിഎംഎസ് സംസ്ഥാനത്തെങ്ങും പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും ചാനലിന്റെ നടപടിക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച വനിതാ സമ്മേളനമാണ് സുജയ പാർവതി ഉദ്ഘാടനം ചെയ്തത്. 14 ജില്ലകളിലും ബിഎംഎസ് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് തൃപ്പൂണിത്തുറയിലും പരിപാടി നടന്നത്.
മാദ്ധ്യമമേഖലയിൽ സംഘപരിവാർ പ്രസ്ഥാനങ്ങളോട് വിവേചനം നിലനിൽക്കുന്നുണ്ടെന്നും ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോട്ടെ എന്നാണ് തന്റെ മറുപടിയെന്നും സുജയ പാർവ്വതി തുറന്നുപറഞ്ഞിരുന്നു. സ്ത്രീസുരക്ഷയിൽ കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികൾ വ്യക്തമാക്കുന്ന കണക്കുകൾ സഹിതം സുജയ പാർവ്വതി പ്രസംഗത്തിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചാനൽ സുജയയെ സസ്‌പെൻഡ് ചെയ്തതായി വാർത്തകൾ വന്നത്.
Discussion about this post