തൃശൂർ: കൊച്ചിയിൽ 12 ദിവസമായി ഭീകരമായ ദുരന്തമുണ്ടായിട്ടും കേന്ദ്ര സഹായം തേടാൻ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്തു പ്രശ്‌നമുണ്ടായാലും കേന്ദ്ര ദുരന്തനിവാരണ സേന എല്ലാ കാലത്തും കേരളത്തിൽ ഓടിയെത്താറുണ്ട്. എന്നാൽ ഇത്തവണ ഇതു വരെ അവരെ സംസ്ഥാന സർക്കാർ വിളിച്ചില്ലെന്ന് തൃശൂരിൽ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഈ കാര്യം അമിത്ഷായോട് സംസാരിച്ചപ്പോൾ സംസ്ഥാനം വിളിച്ചാൽ ഒരു മണിക്കൂർ കൊണ്ട് സേന സജ്ജമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രശ്‌നം ദേശീയ ശ്രദ്ധയിലേക്ക് വരാതിരിക്കാനാണോ സംസ്ഥാനം എൻഡിആർഎഫിനെ വിളിക്കാത്തത്? അതോ അഴിമതികൾ പുറത്തുവരാതിരിക്കാനാണോയെന്ന് അദ്ദേഹം ചോദിച്ചു.
കൊച്ചിയിൽ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടു. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ദുരന്തമാണിത്. മഴ പെയ്താൽ കൊച്ചി പകർച്ചവ്യാധി കൊണ്ട് മൂടും. ഇതിൽ നിന്നും രക്ഷപ്പെടാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്. പിണറായി ദുരഭിമാനം വെടിയണം. അടിയന്തരമായി എൻഡിആർഎഫ് സഹായം തേടണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ബ്രഹ്‌മപുരം വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നത് അവസാനിപ്പിക്കണം. ഭീകരമായ കൊള്ളയാണ് നടന്നിരിക്കുന്നത്. ഇതിലെ കള്ളകളികൾ പുറത്തുകൊണ്ടുവരാൻ ബിജെപി ശ്രമിക്കും. ആയിരക്കണക്കിന് കോടി രൂപ മാലിന്യ നിർമാർജ്ജനത്തിന് സംസ്ഥാനത്തിന് കിട്ടിയിട്ടും ഒന്നും ഉപയോഗിച്ചില്ല. പിണറായി സർക്കാർ ഉണ്ടാക്കിയ ദുരന്തമാണിത്. കേരള നമ്പർ വൺ എന്ന വാചാടോപമാണ് ഇവിടെ പൊളിഞ്ഞു വീഴുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അമിത്ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ച് ബിജെപി ഉന്നയിച്ച പ്രധാന ആവശ്യമായ ശക്തൻ തമ്പുരാൻസ്മാരകത്തിന് കേന്ദ്രസർക്കാർ 50 ലക്ഷം അനുവദിച്ചു. പ്രകാശ് ജാവഡേക്കർ എംപിയുടെ എംപി ഫണ്ടിൽ നിന്നുമാണ് തുക അനുവദിക്കുക. കേരളത്തിലെ ഒരു എംപിയും സർക്കാരും ഇതുവരെ ശക്തൻ തമ്പുരാന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കക്ഷിരാഷ്ട്രീയത്തിന് അപ്പുറമുള്ളവർ അമിത്ഷായെ സ്വീകരിക്കാർ ശക്തൻ സ്മാരകത്തിൽ എത്തിയിരുന്നു. തൃശ്ശൂരിന്റെ ആവശ്യം പരിഗണിച്ച അമിത്ഷായെയും പ്രകാശ് ജാവഡേക്കറിനെയും അഭിനന്ദിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വികസന പ്രവർത്തനത്തെ കുറിച്ച് പഠിക്കാൻ കേരളത്തിൽ നിന്നുള്ള വിദഗ്ധ സംഘത്തെ ബിജെപി യുപിയിലേക്കും ഗുജ്‌റാത്തിലേക്കും അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post