ശ്രീനഗർ: അനർഹർക്ക് ഒരു കാരണവശാലും ജമ്മു കശ്മീരിൽ ജോലി നൽകില്ലെന്ന് ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ. ജമ്മു കശ്മീരിലെ റിക്രൂട്ട്മെന്റ് നടപടികളെ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അധികാരത്തിൽ ഇരുന്നപ്പോൾ മുഴുവൻ സംവിധാനങ്ങളെയും അട്ടിമറിച്ചവരായിരുന്നു അവരെന്ന്, പ്രതിപക്ഷത്തെ പരോക്ഷമായി പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ റിക്രൂട്ട്മെന്റ് നടപടികൾ മാന്യവും സുതാര്യവുമായിരിക്കും. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ജോലി നൽകുക. രാഷ്ട്രീയ ശുപാർശയുമായി വരുന്നവർക്ക് ഒരു കാരണവശാലും ജോലി നൽകില്ലെന്ന് മനോജ് സിൻഹ വ്യക്തമാക്കി.
മുൻപ് ജമ്മു കശ്മീരിൽ ജോലി വിൽപ്പനക്ക് വെക്കുന്ന അവസ്ഥയുണ്ടായിരുന്നു. രാഷ്ട്രീയക്കാരുടെ ശുപാർശയുമായി വരുന്നവർക്കും അന്ന് ജോലികൾ ലഭിച്ചിരുന്നു. ഓഫീസ് കണ്ടിട്ട് പോലും ഇല്ലാതെ വീട്ടിൽ ഇരുന്ന് ശമ്പളം വാങ്ങിയിരുന്ന സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ആ കാലമൊക്കെ അവസാനിക്കുകയാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ വ്യക്തമാക്കി.
അനർഹമായി ജോലിയിൽ പ്രവേശിച്ചവർക്ക് സർക്കാരിന്റെ ചില നടപടികൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടായിരിക്കും. അത് സ്വാഭാവികമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ്. ആ ബോദ്ധ്യം സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹ ഓർമ്മിപ്പിച്ചു.
Discussion about this post