കൊച്ചി: ബ്രഹ്മപുരത്തെ പുകയണഞ്ഞാലും കൊച്ചിക്കാർ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ പി.കെ.ബാബുരാജൻ. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞ ആഴ്ച വളരെ കൂടുതലായിരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വായുവിന്റെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. മലിനീകരണത്തിന്റെ തോതും കുറഞ്ഞിട്ടുണ്ട്.
വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ ഭാഗങ്ങളെയെല്ലാം ഈ പ്രശ്‌നം കാര്യമായി ബാധിച്ചിട്ടുണ്ട്. ഡയോക്‌സിൻ വെള്ളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. വളരെ മാരകമായ വിഷവസ്തുവായിട്ടാണ് ഡയോക്‌സിൻ പരിഗണിക്കുന്നത്. ജനങ്ങളെ ഇത് എങ്ങനെ ബാധിച്ചുവെന്ന് കണ്ടെത്താൻ ദീർഘകാല പഠനം നടത്തേണ്ടി വരും. ആദ്യത്തെ മഴ പെയ്തതിന് ശേഷം ഈ വെള്ളം ജലസംഭരണികളിലേക്ക് ഒഴുകിയെത്തുന്നത് തീർത്തും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
ബ്രഹ്മപുരത്ത് മാലിന്യപ്ലാന്റിന് ശരിക്കും ബോർഡിന്റെ അനുമതിയില്ല. ചട്ടങ്ങൾ പാലിക്കാതെയാണ് അത് ഇതുവരെ പ്രവർത്തിച്ച് വന്നിരുന്നത്. പ്രദേശത്ത് ധാരാളം പരിശോധനകൾ നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ കോർപ്പറേഷന് കൊടുത്തിട്ടുണ്ട്. അപകടകരമായ സാഹചര്യമുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുള്ളതാണ്. 2020ലും ഇതുപോലൊരു തീ പിടുത്തം ഉണ്ടായപ്പോൾ അഗ്നിരക്ഷാസേനയുടെ ഒരു റിപ്പോർട്ട് കിട്ടിയിരുന്നു. ഭാവിയിൽ ഇതുപോലൊരു തീപിടുത്തം ഉണ്ടായാൽ എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചാണ് ഇതിൽ പറയുന്നത്. ആ റിപ്പോർട്ടും കോർപ്പറേഷന് അയച്ചു കൊടുത്തിട്ടുണ്ട്. എന്നാൽ അതിന് തുടർനടപടി സ്വീകരിച്ചതായി അറിയില്ല. ഈ സ്ഥിതി തുടരുകയാണെങ്കിൽ അവിടെ ഇനിയും തീപിടുത്തത്തിന് സാധ്യതയുണ്ട്.
Discussion about this post