കണ്ണൂർ: കണ്ണൂർ വളപട്ടണം പോലീസ് സ്‌റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കാപ്പ കേസ് പ്രതി തീയിട്ടു. അഞ്ച് വാഹനങ്ങളാണ് ഇവിടെ കത്തി നശിച്ചത്. ചാണ്ടി ഷമീം എന്ന കാപ്പ കേസ് പ്രതിയാണ് പിടിയിലായത്. ഇയാളുടെ സഹോദരനെ പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെയാണ് ഇയാൾ പോലീസ് സ്‌റ്റേഷൻ വളപ്പിൽ കയറി ആക്രമണം നടത്തിയത്.
ഇന്ന് പുലർച്ചെയാണ് പോലീസ് സ്‌റ്റേഷൻ വളപ്പിനുള്ളിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിടുന്നത്. ഇതിൽ ഒരു വാഹനം ഷമീമിന്റേത് തന്നെയായിരുന്നു.പർദ്ദ ഇട്ടായിരുന്നു ഇയാൾ സ്റ്റേഷൻ വളപ്പിലേക്ക് കടന്നത്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് മുങ്ങിയ ഇയാളെ ബലം പ്രയോഗിച്ചാണ് പോലീസ് സംഘം പിടികൂടിയത്. ഇയാളെ വളപട്ടണം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ എന്ന് പോലീസ് പറഞ്ഞു.
ഇയാളും സഹോദരനും കൂടി ഇന്നലെ വളപട്ടണം പോലീസ് സ്‌റ്റേഷനിൽ എത്തുകയും പോലീസുകാരെ കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പോലീസ് നൽകുന്ന വിവരം. അതിനെ തുടർന്നാണ് ഷമീമിന്റെ സഹോദരൻ ഷംസീറിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അതിന് പ്രതികാര നടപടിയായാണ് പോലീസ് സ്‌റ്റേഷനിലെ വാഹനങ്ങൾ ഷമീം തീയിടുന്നത്.
Discussion about this post