ലോകത്ത് എവിടെ പോകുമ്പോഴും ഒരു ചെറിയ ക്ഷേത്രം എപ്പോഴും കൂടെയുണ്ടാകുമെന്ന് തെലുങ്ക് താരം രാം ചരൺ. ഇത് തങ്ങളെ രാജ്യവുമായി എപ്പോഴും ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽ പോയാലും ഇന്ത്യൻ സംസ്‌കാരം എന്നും മുറുകെ പിടിക്കുമെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ് താരം.
കഴിഞ്ഞ ദിവസം ഓസ്‌കർ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടെ രാം ചരണവും ഭാര്യ ഉപാസനയും വീട്ടിൽ ഒരുക്കിയ വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥന നടത്തിയിരുന്നു. ലോസ് ഏഞ്ചൽസിലെ വീട്ടിലാണ് താരം വിഗ്രഹം സ്ഥാപിച്ച് പ്രാർത്ഥന നടത്തിയത്. വാനിറ്റി ഫെയർ മാഗസിൻ പ്രതിനിധികളുമായി സംസാരിക്കുകയും അവരുമായി തന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പങ്കുവെയ്ക്കുകയും ചെയ്തു.
” ലോകത്ത് എവിടെ പോയാലും ഞാനും എന്റെ ഭാര്യയും ഈ ചെറിയ ക്ഷേത്രം അവിടെ സ്ഥാപിക്കും. ഈ ആചാരം മാതൃരാജ്യവുമായും നമ്മുടെ ഊർജ്ജങ്ങളുമായും നമ്മെ ബന്ധിപ്പിക്കും. ഞങ്ങളെ ഈ നിലയിൽ എത്താൻ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് ദിവസം ആരംഭിക്കുന്നത് വളരെ പ്രധാനമാണ്” രാം ചരൺ പറഞ്ഞു. ശേഷം ചടങ്ങിന് പുറപ്പെടുന്നതിന് മുൻപ് ഇരുവരും ചേർന്ന് പ്രാർത്ഥന നടത്തുകയും ചെയ്തു.
ഓസ്‌കർ അവാർഡ്‌സിൽ പങ്കെടുക്കാനെത്തിയ രാം ചരണിന്റെ വസ്ത്രത്തിൽ പോലും ഭാരതത്തിന്റെ കൈയ്യൊപ്പുണ്ടായിരുന്നു. പ്രശസ്ത ഡിസൈനർമാരായ ശാന്തനുവും നിഖിലും ഡിസൈൻ ചെയത് കറുത്ത നിറത്തിലുള്ള കുർത്തയാണ് അദ്ദേഹം ധരിച്ചത്. ഭാരതത്തിന്റെ ചിഹ്നം പതിച്ച നാണയങ്ങളുടെ രൂപത്തിലാണ് വസ്ത്രത്തിലെ ബട്ടണുകൾ നിർമ്മിച്ചത്. താൻ ഇന്ത്യയെ ധരിച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നാണ് രാം ചരൺ പറഞ്ഞത്.
Discussion about this post