ഇസ്ലാമാബാദ് : പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് അദ്ദേഹത്തിന്റെ ലഹോറിലുള്ള വസതിയ്ക്ക് മുന്നിലെത്തി. എന്നാൽ പോലീസിനെതിരെ പ്രതിഷേധവുമായി പാകിസ്തൻ തെഹ് രീക്ക് ഇൻസാഫ് പാർട്ടി പ്രവർത്തകരും വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. 500 ഓളം പ്രവർത്തകരാണ് ഇമ്രാൻ ഖാന്റെ സമൻ പാർക്കിലെ വസതിക്കു മുന്നിൽ പ്രതിഷേധവുമായെത്തിയത്. ഇത് രണ്ടാം തവണയാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തുന്നത്.
ഇമ്രാൻ അനുകൂലികൾ നടത്തിയ മാർച്ച് സംഘർഷഭരിതമായതോടെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. വീടിന് മുന്നിൽ നിന്നും പ്രവർത്തകരെ പിരിച്ചുവിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഏറ്റുമുട്ടലിനിടെ ഇസ്ലാമാബാദ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഷഹ്സാദ് ബുഖാരിക്ക് പരിക്കേറ്റു. അതേസമയം ” ഞാൻ കൊല്ലപ്പെട്ടാലും പ്രതിഷേധം തുടരൂ എന്നാണ് ഇമ്രാൻ പാർട്ടി പ്രവർത്തകരോട് പറഞ്ഞത്.
ഇമ്രാൻ ഖാൻ സമാൻ പാർക്കിൽ ഇല്ലെന്നാണ് പിടിഐ നേതാവ് ഷാ മഹ്മൂദ് ഖുറേഷി പറയുന്നത്. ഖാൻ അവിടെ ഉണ്ടെന്ന് ഖുറേഷി നേരത്തെ പറഞ്ഞിരുന്നു. പോലീസിനോട് അറസ്റ്റ് വാറണ്ട് കാണിക്കാനും ഇമ്രാൻ ഖാനുമായി ചർച്ച ചെയ്ത ശേഷം മറ്റ് തീരുമാനങ്ങളെടുക്കുമെന്നും ഖുറേഷി പറയുന്നുണ്ട്. എന്നാൽ പാക് മുൻ പ്രധാനമന്ത്രി ഏത് നിമിഷവും വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെടാമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിരവധി കേസുകളിൽ പ്രതിയായ ഇമ്രാൻ ഖാനെതിരെ നിലവിൽ രണ്ട് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുകളുണ്ട്. വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്നാണ് ജില്ലാ സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തോഷഖാന കേസിലും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാകിസ്താൻ പ്രധാനമന്ത്രിയായിരിക്കെ വിദേശ രാഷ്ട്രത്തലവന്മാരും നയതന്ത്രജ്ഞരും രാജ്യത്തിന് നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇമ്രാൻ ഖാൻ മറിച്ചുവിൽക്കുകയും ഇതിന്റെ യഥാർത്ഥ കണക്കുകൾ വെളിപ്പെടുത്താതെ നികുതി വെട്ടിക്കുകയും ചെയ്‌തെന്നതാണ് കേസ്.
Discussion about this post