തിരുവനന്തപുരം: ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിന് തീപിടിച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവാകാൻ തുണയായത് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഇടപെടൽ. കൃത്യസമയത്ത് വിവരം സമീപവാസികളെ അറിയിച്ചതുകൊണ്ടാണ് ആളപായമൊന്നുമില്ലാതെ രക്ഷപ്പെടാൻ ഏവർക്കും കഴിഞ്ഞത്. സമയോചിതമായി വൻ അപകടം ഒഴിവാക്കാൻ ഇടപെട്ട ഡ്രൈവർക്കും കണ്ടക്ടർക്കും സോഷ്യൽ മീഡിയയിൽ കയ്യടിയും പ്രശംസയും ഉയരുകയാണ്.
ആറ്റിങ്ങലിൽ നിന്നും പുറപ്പെട്ട ബസിന് അഴൂരെത്തിയപ്പോഴാണ് തീപിടിച്ചത്. സംഭവ സമയം 29 യാത്രികർ ബസിൽ ഉണ്ടായിരുന്നു. എഞ്ചിനിൽ നിന്നും പുക ഉയരുന്നത് യാത്രികരാണ് ആദ്യം കണ്ടത്. ഉടനെ വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. ഉടനെ കണ്ടക്ടറും ഡ്രൈവറും എത്തി മുഴുവൻ യാത്രികരെയും സുരക്ഷിതരായി പുറത്തിറക്കി. അപ്പോഴേയ്ക്കും തീ പടരാൻ ആരംഭിച്ചിരുന്നു.
നിരവധി വീടുകളും കടകളുമെല്ലാമുള്ള സ്ഥലത്തായിരുന്നു ബസ് നിന്നിരുന്നത്. തീ ആളിപടർന്നാൽ അത് വൻ ദുരന്തത്തിന് കാരണമാകും. ഇതോടെ ഡ്രൈവറും കണ്ടക്ടറും വീടുകളിലും സമീപത്തെ ഹോട്ടലുകളിലും എത്തി ബസിന് തീപിടിച്ചെന്നും, പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന ഗ്യാസ് ഓഫ് ചെയ്യണമെന്നും നിർദ്ദേശിക്കുകയായിരുന്നു. ഇത് അനുസരിച്ച സമീപവാസികൾ ഗ്യാസ് ഓഫ് ചെയ്ത് സഹകരിച്ചു. ഇതിന് പിന്നാലെ ബസിൽ തീ അതിവേഗം ആളിപ്പടരുകയായിരുന്നു.
തീ ആളി പടർന്ന നേരം ഗ്യാസ് പ്രവർത്തിച്ചിരുന്നു എങ്കിൽ വലിയ അപകടം ആയിരുന്നു സംഭവിക്കുക. തീ ആളി പടർന്നതോടെ വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി. തുടർന്ന് തീ അണയ്ക്കുകയായിരുന്നു. 15 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം എന്നാണ് വിവരം.
Discussion about this post