കൊച്ചി : ഹൃദയവാൽവിലെ തകരാറിനെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലെത്തിയ 75 വയസ്സുകാരനെ നോൺ-ഇൻവേസിവ് പ്രൊസീജിയറായ മൈട്രാക്ലിപ്പിലൂടെ വിജയകരമായി ചികിത്സിച്ച് കിംസ് ഹെൽത്ത്. രോഗിയിൽ വിദഗ്ദ്ധ മെഡിക്കൽ സംഘം നടത്തിയ എക്കോ പരിശോധനയിലാണ് ഹൃദയ വാൽവിന് ലീക്കുള്ളതായി കണ്ടെത്തുന്നത്. ഹൃദയത്തിന്റെ ഇടതുഭാഗത്തായുള്ള മൈട്രൽ വാൽവ് ശരിയായി അടയാതെ വരുന്ന രോഗാവസ്ഥയാണ് മൈട്രൽ റിഗർജിറ്റേഷൻ. ഹൃദയത്തിന്റെ ഇടത് ആട്രിയത്തിലേക്ക് രക്തം തിരികെ ഒഴുകാൻ ഇടയാക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം കുറഞ്ഞ് ശ്വാസതടസ്സത്തിനും ഹൃദയ തകരാറുകൾക്ക് വഴിവെക്കുകയും ചെയ്യുന്നു.
ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി ഓപ്പൺ ഹാർട്ട് സർജറിയിലൂടെ തകരാറുള്ള വാൽവ് ഒരു മെറ്റാലിക് അല്ലെങ്കിൽ ടിഷ്യു വാൽവ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണ് പതിവ്. എന്നാൽ രോഗിയുടെ പ്രായവും മുൻകാല ഹൃദയസംബന്ധമായ അസുഖങ്ങളും കണക്കിലെടുത്ത് ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി മിനിമലി ഇൻവേസീവ് രീതിയായ മൈട്രാക്ലിപ്പ് തിരഞ്ഞെടുക്കുകായായിരുന്നുവെന്ന് പ്രൊസീജിയറിന് നേതൃത്വം നൽകിയ കാർഡിയോളജി വിഭാഗം കൺസൽട്ടൻറ്, ഡോ. പ്രവീൺ എസ.വി പറഞ്ഞു. രോഗിക്ക് ഏറ്റവും അനുയോജ്യമായ പ്രൊസീജിയർ മൈട്രാക്ലിപ്പ് ആയിരുന്നത് കൊണ്ട് തന്നെ മറ്റ് സങ്കീർണതകളില്ലാതെ സുരക്ഷിതമായി വാൽവിലെ തകരാർ പരിഹരിക്കാൻ സാധിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അരയ്ക്ക് താഴ്ഭാഗത്തായി ചെറിയ മുറിവുണ്ടാക്കി സിരയിലൂടെ ഹൃദയത്തിലേക്ക് ഒരു ട്യൂബ് കടത്തിവിട്ട് ലീക്കുള്ള വാൽവിൽ ക്ലിപ്പ് ഘടിപ്പിക്കുന്നതാണ് ‘മൈട്രാക്ലിപ്പ്’ രീതി. അനസ്‌തേഷ്യ കൺസൽട്ടൻറ്, ഡോ. എസ്. സുബാഷും പ്രൊസീജിയറിന്റെ ഭാഗമായി.
അതിനൂതന ഇമേജിംഗ് സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രൊസീജിയർ പൂർത്തീകരിച്ചത്. കുറഞ്ഞ ആശുപത്രി വാസം, ശസ്ത്രക്രിയയുടെ സങ്കീർണ്ണതകളിൽ നിന്ന് വേഗത്തിലുള്ള മോചനം തുടങ്ങിയവയാണ് ഈ രീതിയുടെ പ്രത്യേകതകൾ. മുമ്പ് വികസിത രാജ്യങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഈ ചികിത്സാരീതി ഈയടുത്താണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ ഇത്തരത്തിൽ രണ്ടാമതും തെക്കൻ കേരളത്തിൽ ആദ്യമായുമാണ് ‘മൈട്രാക്ലിപ്പ്’ രീതി ഉപയോഗിച്ച് ഹൃദയവാൽവിലെ തകരാർ പരിഹരിക്കുന്നത്.
Discussion about this post