രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലം ലോകത്തിന്റെ എല്ലായിടത്തും ഉണ്ടെന്ന കാര്യം അറിയാമല്ലോ. അതെ, ഓരോ ദിവസവും ബെഡ് കോഫിയില്‍ ദിവസം ആരംഭിക്കുന്ന ശതകോടിക്കണക്കിന് ആളുകള്‍ ഈ ലോകത്തുണ്ട്. കാപ്പി കുടിക്കുമ്പോള്‍ ഉറക്കക്ഷീണമൊക്കെ മാറി, ആളുകളൊന്ന് ഉഷാറാകും. ഉറങ്ങിയെഴുന്നേല്‍ക്കുന്നവര്‍ മാത്രമല്ല, നൈറ്റ് ഷിഫ്റ്റ് ഒക്കെ പോലെ രാത്രിയില്‍ ഉറങ്ങാതിരിക്കേണ്ടപ്പോഴും ആളുകള്‍ ആശ്രയിക്കുന്നത് കാപ്പിയെയാണ്.
കാപ്പിയിലും ചായയിലുമൊക്കെ കാണപ്പെടുന്ന കഫീന്‍ എന്ന പദാര്‍ത്ഥമാണ് അത് കുടിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഉന്മേഷത്തിന്റെ കാരണം. ലോകത്തിന്റെ എല്ലായിടത്തും പൊതുവായി ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഉത്തേജകമാണ് കഫീന്‍ എന്ന് പറയാം. കാര്യം ഉന്മേഷമൊക്കെ നല്‍കുമെങ്കിലും കഫീന്റെ അമിതോപയോഗം അത്ര നല്ലതല്ലെന്നാണ് പറയപ്പെടുന്നത്. ഉറക്കക്കുറവ്, ഉത്കണ്ഠ എന്നിവയൊക്കെയായി കഫീന്‍ ഉപയോഗത്തിന് ബന്ധമുണ്ടെന്നുള്ളതാണ് അതിന് കാരണമായി പറയുന്നത്.
പക്ഷേ കാപ്പിയും ചായയും അടക്കം കഫീന്‍ അടങ്ങിയ പാനീയങ്ങളും ഉല്‍പ്പന്നങ്ങളും ഇഷ്ടമുള്ളവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് ബിഎംജെ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പഠനം പങ്കുവെക്കുന്നത്. ശരീരത്തിലെ കൂടിയ അളവിലുള്ള കഫീന്‍ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, പ്രധാനപ്പെട്ട കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമത്രേ.
ശരീരം മതിയായ അളവില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയോ, അല്ലെങ്കില്‍ അതിന്റെ ഉല്‍പ്പാദനത്തെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഇതൊരു ജീവിതശൈലി രോഗമാണ്. ശരീരഭാരം കുറയ്ക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. മെറ്റബോളിസത്തെ മെച്ചപ്പെടുത്തുകയും കൊഴുപ്പ് എരിച്ചുകളയുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്ന കഫീന്‍ ഈ രീതിയിലാണ് പ്രമേഹസാധ്യത കുറയ്ക്കുന്നത്. ദിവസവും 100 മില്ലിഗ്രാം കഫീന്‍ ശരീരത്തിലെത്തിയാല്‍ ഊര്‍ജ്ജം ചിലവിടുന്നതില്‍ 100 കലോറി വര്‍ധിപ്പിക്കാനാകും.
എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും കൂടുതല്‍ കാപ്പി കുടിക്കാമെന്നൊന്നും ഈ പഠനം അര്‍ത്ഥമാക്കുന്നില്ലെന്നും ഗവേഷകയായ ഡോ.കാതറിന കോസ് പറയുന്നു.
Discussion about this post