കോഴിക്കോട്: മലബാർ കലാപത്തിന്റെ യഥാർത്ഥ ചരിത്രം പറയുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും റിലീസ് ചെയ്യുമെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ.
പല തിയേറ്ററുകളിൽ നിന്നും പുറത്ത് പോയ സിനിമ വീണ്ടും തിരിച്ചെത്തുന്നു എന്ന പ്രതിഭാസമാണ് നടക്കുന്നകെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടുമിക്ക തിയേറ്ററുകളിലും സിനിമ തിരിച്ചെത്തിയെന്നും അവിടെ ഷോകൾ ഹൗസ് ഫുൾ ആണെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും രാമസിംഹൻ വ്യക്തമാക്കി.
മാർച്ച് 24 ന് സിനിമ തമിഴ്‌നാട്ടിലേയും കർണാടകയിലേയും തിയേറ്ററുകളിലെത്തുമെന്നും 24 തന്നെ മുംബൈയിലും അമേരിക്കയിലും റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുഴ ലോകം മുഴുവൻ ഒഴുകാൻ പോകുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ഇത് പ്രേക്ഷകരുടെ ചങ്കുറപ്പിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത് തുച്ഛമായ പണം ഉപയോഗിച്ച് ഉണ്ടാക്കിയ ചരിത്രസിനിമയാണ്. ചിലർ ക്യാമറയും എഡിറ്റിങ്ങും അഭിനയമൊന്നും നന്നായിട്ടില്ലെന്ന് അഭിപ്രായം പറയുന്നത് കേട്ടു. എന്നിരുന്നാലും സിനിമ അതിന്റെ ദൗത്യം പൂർത്തിയാക്കി മനുഷ്യരുടെ ഹൃദയത്തിലേക്കെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അരുവിയായി തുടങ്ങി പതിയെ പതിയെ പുഴയായി മാറിയതിൽ സന്തോഷമുണ്ടെന്നും അങ്ങനെ മാറ്റിയ മുഴുവൻ ആളുകളോടും നന്ദി പറയുകയാണെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു. രാമസിംഹന് പത്ത് തലയില്ലെന്നും പത്ത് അസിസ്റ്റന്റ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ അഭിമാനത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്താൽ പൃഥ്വിരാജായാലും ഏത് കൊമ്പത്തെ സിനിമ കമ്പനി ആയാലും അപ്പോൾ മറുപടി കൊടുക്കണം. അവരുടെ 80 കോടി മുടക്കി ചെയ്യാനിരിക്കുന്ന വലിയ സിനിമയ്ക്ക് രണ്ടു കോടി മുടക്കിയ സിനിമ കൊണ്ട് അടി കൊടുത്തു. ചുള്ളിക്കമ്പ് കൊണ്ട് അടിച്ചാലും വേദനിക്കും. ചുള്ളിക്കമ്പിന് ചുള്ളിക്കമ്പിന്റെ ബലമുണ്ട്. ചുള്ളിക്കൊമ്പ് കൊണ്ട് അടിച്ചാലും വേദനിക്കും. പണമോ, ടെക്‌നോളജിയോ,ആകാശത്ത് ഉയർന്ന് നിൽക്കുന്ന ലൈറ്റോ അല്ല ഒരു സിനിമയെ വിജയിപ്പിക്കുന്ന ഘടകമെന്ന് ഇനിയെങ്കിലും മനസിലാക്കണം. ഒരു സിനിമയുടെ ഇതിവൃത്തം,മനുഷ്യന് മനസിലാവുന്ന ഭാഷയിൽ പറയുക എന്നതാണ് ചെയ്യേണ്ടത്. ഞാൻ അത്രയുമേ ചെയ്തുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ജനങ്ങൾ തന്ന പണത്തിനോട് പരമാവധി നീതി പുലർത്തിക്കൊണ്ടാണ് സിനിമ ചെയ്തത്. അതിൽ ഗുരുക്കന്മാരുടെ അനുഗ്രഹമുണ്ടായിരുന്നു. ട്രോളുകാരോടും പരിഭവമില്ല, പണം തന്നവർ റെസീപ്റ്റുമായി വന്നാൽ കണക്ക് ബോധിപ്പിക്കും. രാമസിംഹൻ പറ്റിക്കുമെന്ന് പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ കണക്കറിയണം. കണക്ക് ബോധിപ്പിക്കേണ്ടവരെ ബോധിപ്പിക്കും. കേവലം നൂറ് രൂപ തന്നവർ മാത്രമല്ല, ലക്ഷങ്ങൾ തന്നവരുണ്ട്. അവർ പോലും കണക്ക് തന്നിട്ടില്ല. തലയ്ക്ക് ഉഴിഞ്ഞു വച്ച കാശ് പോലെ മമധർമ്മയ്ക്ക് ആഭരണങ്ങൾ വിറ്റ് പണം തന്ന സഹോദരിമാർ. കൈയ്യിലുള്ള 35 രൂപ വരെ അയച്ച് തന്നവരുണ്ട് അവരോട് കണക്ക് ബോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത് ജനങ്ങളുടെ പണമാണെന്നും ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും അത് ജനങ്ങളുടേതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.











Discussion about this post