ഇടുക്കി: കുമളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി വീട്ടിൽ പ്രസവിച്ചു. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കുട്ടിയുടെ ആൺ സുഹൃത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
16 കാരിയായ പെൺകുട്ടിയാണ് പ്രസവിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി സ്കൂളിൽ പോയിരുന്നില്ല. ഇതിന് പിന്നാലെ പ്രവസവും നടക്കുകയായിരുന്നു. വീട്ടുകാർ ഉടനെ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി 16 കാരിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഇവിടെവച്ച് പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. അപ്പോഴാണ് ആൺസുഹൃത്തിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം സ്കൂളിൽ ഒപ്പം പഠിച്ചിരുന്ന കുമളി ഒട്ടകത്തല സ്വദേശിയുമായാണ് പെൺകുട്ടി അടുപ്പത്തിലായിരുന്നത്. ആൺസുഹൃത്തിനും പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാൾ മുങ്ങിയെന്നാണ് സംശയിക്കുന്നത്.
പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഗർഭിണിയാണെന്നകാര്യം അറിഞ്ഞിരുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
Discussion about this post