ലക്‌നൗ : വിവാഹത്തിന് സ്ത്രീധനം ചോദിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ഇന്നും പല സ്ഥലങ്ങളിലും ഇത്തരത്തിൽ സ്ത്രീധനം ആവശ്യപ്പെടുക പതിവാണ്. സ്ത്രീധനം ലഭിച്ചില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറുന്നവർ വരെയുണ്ട്. ഇത്തരത്തിൽ അധിക സ്ത്രീധനം ചോദിച്ച യുവാവിന് നാട്ടുകാർ ചേർന്ന് എട്ടിന്റെ പണി കൊടുത്ത സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.
23 കാരനായ വസീം അഹമ്മദാണ് വിവാഹ ദിവസം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടത്. ഇതോടെ ഇയാൾക്ക് ഒരു പണി കൊടുക്കാൻ തന്നെ നാട്ടുകാർ തീരുമാനിച്ചു. നിക്കാഹിനായി വേദിയിൽ എത്തിയ യുവാവ് കണ്ടത് വധുവിന് പകരം ഒരു പുത്തൻ ട്രാക്ടറാണ്. സ്ത്രീധനമായി ട്രാക്ടർ ആവശ്യപ്പെട്ട യുവാവിനെ ട്രാക്ടറിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് നാട്ടുകാർ ശ്രമിച്ചത്.
വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളും ഫർണിച്ചറും ഫ്രിഡ്ജുമുൾപ്പെടെ ലക്ഷക്കണക്കിന് സാധനങ്ങൾ വധുവിന്റെ വീട്ടുകാർ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻ വരന്റെ വീട്ടിൽ എത്തിച്ചിരുന്നു. എന്നാൽ ഇത് കൂടാതെ ട്രാക്ടർ വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇതോടെയാണ് യുവാവിനെ ട്രാക്ടറിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ നാട്ടുകാർ ശ്രമിച്ചത്.
ഇത് കണ്ട് പരിഭ്രാന്തരായ വരന്റെ വീട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തി ഇരു വീട്ടുകാരെയും ഉൾപ്പെടുത്തി ചർച്ച നടത്തി. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷം വിവാഹത്തിന് ചെലവായ പണം വധുവിന്റെ വീട്ടുകാർക്ക് നൽകാമെന്ന് വരന്റെ വീട്ടുകാർ പറഞ്ഞു. മുൻകൂറായി കുറച്ച് തുകയും വധുവിന്റെ വീട്ടുകാർക്ക് വരന്റെ പിതാവ് നൽകി.
Discussion about this post