ന്യൂയോര്‍ക്ക്: സച്ചിന്റെയും ഷെയ്ന് വോണിന്റെയും നേതൃത്വത്തില്‍ നടക്കുന്ന വിരമിച്ച ക്രിക്കറ്റ് കളിക്കാരുടെ ഓള് സ്റ്റാഴ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ ഷെയ്ന് വോണിന്റെ വോണ്‍ വാരിയേഴ്സിന് ജയം. സച്ചിന്റെ സച്ചിന് ബ്ലാസ്റ്റേഴ്സിനെ ആറ് വിക്കറ്റിനാണ് വോണ്‍ വാരിയേഴ്സ് തോല്‍പ്പിച്ചത്.
മികച്ച രീതിയില്‍ ബാറ്റ് ചെയ്തു തുടങ്ങിയ സച്ചിനെ 26 റണ്‍സില്‍ പിടിച്ചു കെട്ടാനും ഷെയ്ന് വോണിനായി. വോണ്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. സച്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വീരേന്ദര്‍ സെവാഗ് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. സെവാഗ് 250 സ്ട്രൈക്ക് റേറ്റില്‍ 22 പന്തില്‍ നിന്ന് 55 റണ്‍സെടുത്തു.
സച്ചിന് 27 പന്തില്‍ 26 റണ്‍സെടുത്ത് നില്‍ക്കെ വോണിന്റെ പന്തില്‍ ജാക്ക് കാലിസിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. പിന്നീട് ബാറ്റ് ചെയ്യാനെത്തിയവരില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസങ്ങളിലൊരാളായ ബ്രിയാന്‍ ലാറക്കടക്കം കാര്യമായി ഒന്നും ചെയ്യാനായില്ല. എട്ട് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രം സ്ക്കോര്‍ ചെയ്തു നില്‍ക്കെ ലാറ പുറത്താവുകയായിരുന്നു. വോണിനായിരുന്നു വിക്കറ്റ്.
18 റണ്‍സെടുത്ത് മഹേല ജയവര്‍ധനെയാണ് സച്ചിന് ബ്ലാസ്റ്റേഴ്സിലെ മൂന്നാമത്തെ ടോപ്പ് സ്ക്കോറര്‍. കാള്‍ ഹൂപ്പറും ഷോണ്‍ പൊള്ളോക്കും പതിനൊന്ന് റണ്‍സ് വീതമെടുത്തു. സൗരവ് ഗാംഗുലി കളിക്കാതിരുന്ന മത്സരത്തില്‍ സച്ചിന് ബ്ലാസ്റ്റേഴ്സിന്റെ ബാറ്റിങ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 140 റണ്‍സില്‍ ഒതുങ്ങി.
മൂന്ന് വിക്കറ്റുകള്‍ വീതമെടുത്ത ഷെയ്ന് വോണും ആന്‍ഡ്രൂ സൈമണ്ട്സുമാണ് വോണ്‍ വാരിയേഴ്സിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത്. ടോസ് നേടിയ വോണ്‍ വാരിയേഴ്സ് സച്ചിന് ബ്ലാസ്റ്റേഴ്സിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ സിറ്റി ഫീല്‍ഡിലെ ബേസ് ബോള്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
Discussion about this post