ന്യൂഡൽഹി : ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് പാകിസ്താൻ ചാരനാണെന്ന് ഇന്റലിജൻസ്. പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടിയാണ് അയാൾ പ്രവർത്തിച്ചിരുന്നത്. പഞ്ചാബിലെ ക്രമസമാധാന നില തകരാറിലാക്കാൻ സിഖ് യുവാക്കളെ തന്റെ സംഘത്തിൽ ചേർക്കാനാണ് അമൃത്പാൽ സിംഗിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ദുബായിലെ ഐഎസ്‌ഐയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ഉന്നതർ വ്യക്തമാക്കി.
മതത്തിന്റെ പേരിൽ ഇന്ത്യയിൽ വർഗീയ കലാപമുണ്ടാക്കണമെന്നാണ് ഇയാൾക്ക് പാക് ചാരസംഘടനയിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ദുബായിൽ നിന്ന് പഞ്ചാബിലെത്തിയ അമൃതപാൽ സിംഗ് ‘ഖൽസ വഹീർ’ എന്ന പേരിൽ പ്രചാരണ പരിപാടി നടത്തുകയും ഗ്രാമങ്ങളിൽ പോയി സംഘടന ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. പഞ്ചാബിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ച ഇയാൾ ആളുകളെ കേന്ദ്ര സർക്കാരിനെതിരെ തിരിച്ചുവിട്ടിരുന്നു.
യുകെ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരൻ അവതാർ സിംഗ് ഖണ്ഡയുടെ അടുത്ത അനുയായി കൂടിയാണ് അമൃത്പാൽ. നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ നേതാവ് പരംജിത് സിംഗ് പമ്മയുടെ വിശ്വസ്തനാണ് ഖണ്ഡ. സിഖ് യുവാക്കളുടെ തലയിൽ വർഗീയ വിഷം വിതയ്ക്കുന്ന തരത്തിലുള്ള ക്ലാസുകൾ പരംജിത്ത് നടത്തുന്നുണ്ടെന്നാണ് വിവരം.
സിഖ് യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുകയാണ് ഈ മൂന്ന് പേരുടെ ലക്ഷ്യം എന്നാണ് കണ്ടെത്തൽ. അന്താരാഷ്ട്ര സിഖ് യൂത്ത് ഫെഡറേഷന്റെ തലവനായ ലഖ്ബീർ സിംഗ് റോഡുമായും അമൃത്പാൽ സിംഗിന് ബന്ധമുണ്ട്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തൽ, രാജ്യത്തെ നേതാക്കളെ ആക്രമിക്കാനുള്ള ഗൂഢാലോചന, പഞ്ചാബിൽ വിദ്വേഷം പടർത്തൽ തുടങ്ങിയ കേസുകളിൽ ലഖ്ബീർ സിംഗ് രാജ്യം തിരയുന്നയാളാണ്.
Discussion about this post