ന്യൂഡൽഹി : ഖാലിസ്ഥാൻ അനുകൂല ഭീകരനായ അമൃത്പാൽ സിംഗ് അറസ്റ്റിലായെന്ന് സഹായി. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പോലീസ്, ഭീകരന് വേണ്ടി തിരച്ചിൽ നടത്തുകയാണ്. ഇതിനിടെയാണ് അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് പ്രവർത്തകർ രംഗത്തെത്തിയത്.
അമൃത്പാൽ സിംഗ് ഒളിവിൽ പോയതിന് പിന്നാലെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുവെന്ന് ജലന്ധർ കമ്മീഷണർ കുൽദീപ് സിംഗ് ചാഹലാണ് അറിയിച്ചത്. ഇയാൾക്ക് വേണ്ടി സംസ്ഥാന വ്യാപകമായി ശക്തമായ തിരച്ചിൽ തുടരുകയാണ്. വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്പാൽ സിംഗിന്റെ വാഹനങ്ങൾ പിടിച്ചെടുക്കുകയും അനുചരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 78 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അമൃപത്പാൽ സിംഗ് ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം.
എന്നാൽ അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്തുവെന്നും പഞ്ചാബിൽ നിന്ന് പുറത്തേക്ക് പോകുകയോ അല്ലെങ്കിൽ ലോറൻസ് ബിഷ്‌നോയ് ടീമിന് കൈമാറുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് ഇയാൾ പറയുന്നത്. അതേസമയം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനം നിർത്തലാക്കി.
സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷനിൽ, ഒരു .315 ബോർ റൈഫിൾ, 12 ബോറിന്റെ ഏഴ് റൈഫിളുകൾ, ഒരു റിവോൾവർ, 373 ലൈവ് കാട്രിഡ്ജുകൾ എന്നിവയുൾപ്പെടെ ഒമ്പത് ആയുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.
Discussion about this post