പട്‌ന : റെയിൽവേ സ്റ്റേഷനിലെ ടിവി സ്‌ക്രീനിൽ പരസ്യത്തിന് പകരം അശ്ലീല വീഡിയോ കണ്ടതിന്റെ ഞെട്ടലിലാണ് യാത്രക്കാർ. ബീഹാറിലെ പട്‌ന റെയിൽവേ സ്റ്റേഷനിലാണ് വിചിത്രമായ സംഭവം നടന്നത്. മൂന്ന് മിനിറ്റോളം നേരമാണ് അശ്ലീല വീഡിയോ സ്‌ക്രീനിൽ പ്രദർശിപ്പിച്ചത്.
ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. സ്‌ക്രീനിൽ പരസ്യം മാറി പെട്ടെന്ന് ഇത്തരം മോശം വീഡിയോകൾ കാണാൻ ആരംഭിച്ചതോടെ യാത്രക്കാർ അന്തംവിട്ടു നിന്നുപോയി. സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ അശ്ലീല ദൃശ്യങ്ങൾ ഇതിലുണ്ടായിരുന്നു. ഇതോടെ യാത്രക്കാർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനും റെയിൽവേ മന്ത്രാലയത്തിനും പരാതി നൽകുകയായിരുന്നു.
തുടർന്ന് സ്‌ക്രീനുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന ഏജൻസിയായ ദത്ത കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട ആർപിഎഫ്, അശ്ലീല വീഡിയോ പ്രദർശിപ്പിക്കുന്നത് നിർത്താൻ ഏജൻസി ഓപ്പറേറ്റർമാരോട് ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ ദത്ത കമ്മ്യൂണിക്കേഷനെതിരെ നടപടിയെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഏജൻസിയെ റെയിൽവേ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ ടെലിവിഷൻ സ്‌ക്രീനുകളിൽ പരസ്യം നൽകുന്നതിന് ഏജൻസിക്ക് നൽകിയിരുന്ന കരാർ വകുപ്പ് അവസാനിപ്പിച്ചതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ റെയിൽവേ വകുപ്പ് പ്രത്യേക അന്വേഷണം നടത്തിവരികയാണ്.
Discussion about this post